ദമാം: ഗൾഫിൽ നിന്ന് ഇന്ത്യയിലേയ്ക്കും തിരിച്ചും വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുന്നു. കേരളത്തിലേയ്ക്കുള്ള യാത്രക്കാർക്ക് ‘സ്വാതന്ത്ര്യദിന സമ്മാന’മായി ദുരിതം വിതച്ച് വീണ്ടും എയർ ഇന്ത്യ വിമാന സർവീസ് 10 മണിക്കൂറിലേറെയായി വൈകുന്നു. ദമാം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ നിർത്തിയിട്ട വിമാനത്തിനകത്ത് സ്ത്രീകളും കുട്ടികളും രോഗികളും വയോധികരുമടക്കമുള്ള നൂറിലേറെ പേർ മണിക്കൂറുകളോളമായി കനത്ത ചൂട് സഹിച്ച് കാത്തിരിക്കുകയാണ്.
ഇന്ന് (16) പുലർച്ചെ 2ന് ദമാം രാജ്യന്തര വിമാനത്താവളത്തിൽ നിന്ന് പറക്കേണ്ടതായിരുന്ന ദമാം-തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് ഐഎക്സ് 582 വിമാനമാണ് ഇനിയും പുറപ്പെടാതെ അനിശ്ചിതമായി വൈകുന്നത്. വിമാനം രണ്ടു മണിക്കൂർ വൈകി രാവിലെ 4.20ന് പുറപ്പെടുമെന്ന അറിയിപ്പ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇത് പലർക്കും ലഭിക്കാത്തതിനാൽ കാര്യമറിയാതെ വിമാനത്താവളത്തിൽ നാല് മണിക്കൂർ നേരത്തേ എത്തിയവരാണ് കൂടുതൽ പ്രയാസത്തിലായത്.
പലരും അടിയന്തര കാര്യങ്ങൾക്കായി കുറഞ്ഞ അവധിയിൽ നാട്ടിലേയ്ക്ക് പുറപ്പെട്ടവരാണ്. വിമാനം വീണ്ടും രണ്ടര മണിക്കൂറോളം വൈകുമെന്ന അറിയിപ്പാണ് പിന്നീട് യാത്രക്കാർക്ക് ലഭിക്കുന്നത്. നാലര മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്ന യാത്രക്കാർ പരാതിയും ബഹളവും തുടങ്ങിയതോടെ രാവിലെ എട്ടോടെ വിമാനത്തിനുള്ളിലേയ്ക്ക് കയറ്റി. വീണ്ടും രണ്ടു മണിക്കൂറിലേറെ വിമാനത്തിലിരുന്നിട്ടും പുറപ്പെട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. യാത്ര വൈകുന്നതിന്റെ കാരണങ്ങളോ സാങ്കേതികത്വമോ വിശദീകരിക്കാനും അധികൃതർ തയ്യാറായില്ലെന്നും യാത്രക്കാർ ആരോപിച്ചു. ഏറേ നേരമായി കാത്തിരുന്ന യാത്രക്കാർ വിമാനത്തിനകത്ത് എയർകണ്ടീഷണർ പ്രവർത്തിപ്പിക്കാത്തതിനാൽ അസഹനീയ ചൂട് സഹിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കുട്ടികൾ ചൂടും വിശപ്പും സഹിക്കാതെ കരഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത്രയും നേരമായിട്ടും ഭക്ഷണമൊന്നും നൽകിയിട്ടില്ലെന്നും ആകെ ഒരു ചെറിയ ബോട്ടിൽ കുടിവെള്ളം മാത്രമാണ് കൊടും ചൂടിൽ ബുദ്ധിമുട്ടുന്ന തങ്ങൾക്ക് ലഭിച്ചതെന്നും യാത്രക്കാർ പരാതിപ്പെട്ടു.
വിമാനത്തിലെ ഡോർ കൃത്യമായി അടഞ്ഞില്ലെന്ന സിഗ്‌നൽ കാണുന്നതായും അതുകൊണ്ട് പൈലറ്റ് വിമാനം പറത്താൻ തയ്യാറാവുന്നില്ലെന്നുമാണ് വൈകലിൻ്റെ കാരണം അന്വേഷിച്ചപ്പോൾ എയർഹോസ്റ്റ്സ് മറുപടി നൽകിയതെന്ന് യാത്രക്കാരിൽ ഒരാളായ ഡോ. അജി വർഗീസ് അറിയിച്ചു. ഈ സിഗ്‌നൽ വരുന്നതിന്റെ കാരണം ടെക്‌നിഷ്യൻസിന് കണ്ടെത്താൻ കഴിയുന്നില്ലെന്നും വിശദീകരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ നിസ്സംഗതയും തങ്ങളോടുള്ള നിരുത്തരവാദപരമായ പെരുമാറ്റവും കൂടുതൽ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. അനിശ്ചിതത്വം മാറി എപ്പോൾ പുറപ്പെടുമെന്നറിയാതെ സമയം ഏറെ വൈകിയും നാട്ടിലെത്താൻ വളരെ അക്ഷമയോടെ വിമാനത്തിൽ കാത്തിരിക്കുകയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറിലേറെ യാത്രക്കാർ.