ലണ്ടൻ: ലണ്ടനിലെ ആശുപത്രിയിൽ നവജാത തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി എന്ന 33 കാരി കുറ്റക്കാരിയെന്ന് കോടതി. കേസിൽ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും.
2015 ജൂണിനും 2016 ജൂണിനും ഇടയിൽ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ വെച്ചാണ് ലൂസി ഏഴ് നവജാത ശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നവജാത ശിശുക്കളുടെ മരണനിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് ലൂസി ലെറ്റ്ബി അറസ്റ്റിലായത്. രോഗികളോ മാസം തികായതെ പ്രസവിച്ച കുഞ്ഞുങ്ങളോ ആയിരുന്നു 33 കാരിയുടെ ക്രൂരതയ്ക്ക് ഇരയായത്.
എയർ എംബോളിസത്തിലൂടെയും കുട്ടികള്‍ക്ക് അമിതമായി പാൽ നല്‍കിയും ഇൻസുലിൻ വിഷം നൽകിയുമാണ് നഴ്സ് കുട്ടികളെ കൊന്നൊടുക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ലൂസിക്കെതിരെ പരാതികൾ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. 22 ദിവസത്തെ വിചാരണയ്ക്കൊടുവിലാണ് മാഞ്ചസ്റ്റർ കോടതി യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. ഇന്ത്യൻ വംശജനായ ഡോക്ടർ രവി ജയറാം ആണ് ലൂസിയാണ് കൊലപാതകിയെന്നതിന് തുമ്പ് കൊടുത്തത്. ഡോ. രവി ജയറാം ആണ് ലൂസി ജോലിയിലുള്ളപ്പോഴാണ് കുട്ടികള്‍ കൊല്ലപ്പെടുന്നതെന്ന സംശയം ആദ്യം ഉന്നയിക്കുന്നത്.
യാതൊരു വിധത്തിലുള്ള തെളിവുകളും അവശേഷിപ്പിക്കാതെ അതിസമർഥമായാണ് ലൂസി കൊലപാതകങ്ങൾ നടത്തിയതെന്ന് കോടതി വിലയിരുത്തി. സമർഥയായ കൊലയാളി എന്നാണ് ലൂസിയെ കോടതി വിശേഷിപ്പിച്ചത്. കുട്ടികളെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നാണ് ചോദ്യംചെയ്യലിലെല്ലാം ലൂസി പൊലീസിനോടും കോടതിയോടും ആവർത്തിച്ചത്. ഒടുവിൽ അവർ കുറ്റ സമ്മതം നടത്തിയ രേഖകള്‍ പൊലീസ് കണ്ടെത്തിയരുന്നു. ലൂസിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ‘ഞാനത് ചെയ്തു, ഞാനൊരു ദുഷ്ടയാണ്’ എന്ന് രേഖപ്പെടുത്തിയ കുറിപ്പ് പൊലീസ് കണ്ടെത്തി. തന്‍റെ കുറ്റ സമ്മതമാണ് കുറിപ്പിലെന്ന് ലൂസി പിന്നീട് പൊലീസിനോട് സമ്മതിച്ചിരുന്നു.
അനാരോഗ്യമുള്ള കുട്ടികളെ ശുശ്രൂഷിക്കാനായി ആശുപത്രി അധികൃതർ ലൂസി ലെറ്റ്ബിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ തങ്ങൾക്കൊപ്പം ഒരു കൊലപാതകിയുണ്ടെന്ന് കൂടെയുള്ളവർക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. കുട്ടികൾക്കും അവരുടെ കുടുംബത്തിനും ആശ്വാസമാകേണ്ട സമയത്ത് അവർ കുഞ്ഞുങ്ങളെ നിരന്തരം ഉപദ്രവിച്ചു’– കോടതി വിലയിരുത്തി. രോഗികളായ കുട്ടികളുടെ ജീവനെടുത്ത് ലൂസി ദൈവം ചമയുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർ നിക്ക് ജോൺസൺ പ്രതികരിച്ചത്.