റഷ്യന്‍ ചാന്ദ്രദൗത്യം പരാജയം; ലൂണ ചന്ദ്രനില്‍ ഇടിച്ചിറങ്ങി

Advertisement

റഷ്യന്‍ ചാന്ദ്രദൗത്യം പരാജയം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബന്ധം നഷ്ടപ്പെട്ട റഷ്യന്‍ ചാന്ദ്ര ദൗത്യം ലൂണ-25 തകര്‍ന്നെന്ന് റഷ്യ സ്ഥിരീകരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസാണ് അറിയിച്ചത്. ഇന്നലെ പേടകത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നു. ലാന്‍ഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കാന്‍ പേടകത്തിന് സാധിച്ചിരുന്നില്ല.
പേടക ദൗത്യത്തിന്റെ പരാജയത്തെ സംബന്ധിച്ച് പ്രത്യേക സമിതി അന്വേഷിക്കുമെന്ന് റോസ്‌കോസ്‌മോസ് അറിയിച്ചു. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25, ബുധനാഴ്ചയാണ് ചന്ദ്രഭ്രമണപഥത്തിലെത്തിയത്. തിങ്കളാഴ്ചയാണ് പേടകം ചന്ദ്രനില്‍ ഇറങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെയാണ് റഷ്യന്‍ പേടകം വിക്ഷേപിച്ചത്.

Advertisement