ശ്രീഹരിക്കോട്ട: ചന്ദ്രയാൻ 3 ദൗത്യം ലക്ഷ്യത്തിലേക്ക്. ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ലോകം. ഇന്നുവരെ ഒരു ചാന്ദ്രദൗത്യവും കടന്നു ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങാൻ പോകുന്നത്. വൈകുന്നേരം 5.43 മുതൽ 6.04 വരെയുള്ള 19 മിനിറ്റുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ
ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഐഎസ്ആർഒയും വലിയ ആത്മവിശ്വാസത്തിലാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുണ്ട്
ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാനഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുക പേടകത്തിലെ സോഫ്റ്റ് വെയറാകും. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗത കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന സ്ഥിതിയിൽ എത്തിച്ചിട്ടാണ് ലാൻഡിംഗ് നടത്തുക.