‘മഗ്‌ഷോട്ടുകളുടെ മൊണാലിസ’; ട്രംപിൻറെ അറസ്റ്റ് ചിത്രത്തിന് ട്രോളോടുട്രോൾ, ട്രോളും പണമാക്കാൻ ട്രംപ് !

Advertisement

സാമൂഹിക മാധ്യമങ്ങളുടെ കടന്ന് വരവോടെ ലോകത്തുള്ള സകലതിനെയും വിമർശിക്കാൻ സാധാരണക്കാർക്ക് ഒരു ‘പൊതു ഇടം’ കിട്ടുകയായിരുന്നു. തങ്ങളുടെ ചുറ്റുമുള്ള എന്തിനെയും അവർ, തങ്ങളുടെതായ ആ പൊതു ഇടത്തിൽ വിമർശന വിധേയമാക്കി, കളിയാക്കി… ഇത്തരം കളിയാക്കലുകൾ പിന്നീട് മീമുകൾക്കും ട്രോളുകൾക്കും വഴി തുറന്നു. സാധാരണക്കാർക്ക് കൂടി പറയാനുള്ള കാര്യങ്ങളുടെ തീവ്രത വർദ്ധിപ്പിക്കാൻ ഏതാനും വാചകങ്ങൾ മാത്രം ചേർത്ത് ഇത്തരത്തിൽ ഇറക്കുന്ന ചിത്ര മീമുകൾക്കും ട്രോളുകൾക്കും കഴിഞ്ഞു. കഴിഞ്ഞ ദിവസം അത്തരത്തിലൊരു ചിത്രത്തിൻറെ മീമുകളും ട്രോളുകളും സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെങ്ങും തരംഗം തീർത്തു. മറ്റാരുമായിരുന്നില്ല, മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് തന്നെയായിരുന്നു. അത്.

2020 ലെ ജോർജിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തി എന്ന ആരോപണങ്ങളെ തുടർന്ന് ജോർജ്ജിയയിൽ കീഴടങ്ങിയ ട്രംപിൻറെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തുടർന്ന് അറ്റ്ലാൻറയിലെ ഫുൾട്ടൻ കൗണ്ടി ജയിലിൽ ഏതാണ്ട് മുപ്പത് മിനിറ്റോളം കിടന്ന ട്രംപിനെ പിന്നീട് രണ്ട് ലക്ഷം ഡോളറിൻറെ ജാമ്യത്തുകയിൽ വിട്ടയക്കുകയായിരുന്നു. ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് പോലീസ് ട്രംപിൻറെ മഗ്ഷോട്ട് (പോലീസ് രേഖകളിൽ സൂക്ഷിച്ച് വയ്ക്കുന്നതിനായി എടുക്കുന്ന കുറ്റവാളിയുടെ ചിത്രം) പകർത്തിയിരുന്നു. ഈ ചിത്രത്തിൻറെ മീമുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെങ്ങും വ്യാപകമായി പ്രചരിക്കുന്നത്.

നിരാശനായ ട്രംപിൻറെ മഗ്ഷോട്ട് ചിത്രം നെറ്റിസൺസിനിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ ചിത്രത്തെ ഉൾപ്പെടുത്തിയ മീമുകളുടെ പ്രവാഹമായിരുന്നു. മഗ്ഷോട്ടിലുള്ള ട്രംപിൻറെ രൂക്ഷമായ നോട്ടം ചരിത്രത്തിലെ നിരവധി സ്വേച്ഛാധിപതികളോടുള്ള താരതമ്യത്തിന് ഇടയാക്കി. ചിലർ രസകരമായ കുറിപ്പുകളെഴുതി. “മഗ്‌ഷോട്ട് കരാർ മുദ്രവച്ചു… ട്രംപ് 2024,” ഒരാൾ എഴുതി. “ചിലർ ഇതിനെ മഗ്‌ഷോട്ടുകളുടെ മൊണാലിസ എന്ന് വിളിക്കുന്നു.” മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. തൻറെ മഗ്ഷോട്ട് ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് മനസിലാക്കിയ ട്രംപ് പിന്നീട് ഈ ചിത്രം സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ, തൻറെ പ്രചാരണ വെബ്‌സൈറ്റിലേക്കുള്ള ലിങ്കിനൊപ്പം പങ്കവച്ചു. പൊതു ജീവിതത്തിൽ ആളുകൾ മഗ്ഷോട്ട് ചിത്രങ്ങൾ അപമാനകരമായി കരുതുന്നു. കാരണം അത് പോലീസ് കേസുമായി ബന്ധപ്പെട്ട് ചിത്രീകരിക്കുന്നുവെന്നതിനാൽ തന്നെ. എന്നാൽ, അതും തൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നു ട്രംപ് ചെയ്തത്. മാത്രമല്ല, ഈ ചിത്രം പതിച്ച ടീ ഷർട്ടിന് 34 ഡോളറിന് വില്പനയ്ക്ക് വച്ച് ട്രംപ് കാമ്പെയ്‌നിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് ഒരു പടി കൂടി കടന്നു. ഇതിനിടെ 2021 ന് ശേഷം ആദ്യമായി ട്രംപ് ട്വിറ്ററിലേക്ക് (X) തിരിച്ചെത്തി.

Advertisement