കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ; കടുത്ത നടപടിയുമായി സൗദി അറേബ്യ

Advertisement

സൗദി: കുട്ടികള്‍ ക്ലാസ് മുടക്കുന്നത് തടയാന്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് സൗദി. കുട്ടികള്‍ കൃത്യമായി ക്ലാസിലെത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 20 ദിവസം കുട്ടി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാവിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിന്‍സിപ്പാള്‍ കൈമാറണം.

മതിയായ കാരണമില്ലാതെ 20ദിവസത്തോളം അവധിയെടുത്താലാണ് മതാപിതാക്കള്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരിക. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസില്‍ വരാതിരുന്നതെന്ന് തെളിഞ്ഞാല്‍ തടവ് ഉള്‍പ്പെടെ മതിയായ ശിക്ഷ ജഡ്ജിക്ക് വിധിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥി മൂന്ന് ദിവസം ക്ലാസിലെത്താതിരുന്നാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും. ഒപ്പം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ മെന്ററിന് വിവരം കൈമാറും. അഞ്ച് ദിവസം ക്ലാസ് മുടക്കിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. അവധി പത്ത് ദിവസമായാല്‍ രക്ഷിതാവിന് മൂന്നാമത്തെ നോട്ടീസയക്കും. പതിനഞ്ച് ദിവസമായാല്‍ വിദ്യാര്‍ഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റും.

20ാം ദിവസം ശിശു സംരക്ഷണ നിയമപ്രകാരമുള്ള മറ്റ് നടപടികളിലേക്ക് കടക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബസംരക്ഷണ വകുപ്പ് കുട്ടിയുടെ മൊഴിയെടുത്തശേഷം അന്വേഷണം നടത്താന്‍ പബ്ലിക് പ്രോസിക്യൂഷനെ നിയോഗിക്കുകയും ചെയ്യും.