മകൻറെയും ഡയാന രാജകുമാരിയുടേയും 26ാം ചരമവാർഷികത്തിന് മുമ്പ് വിടവാങ്ങി ഈജിപ്ഷ്യൻ കോടീശ്വരൻ അൽ ഫയദ്

Advertisement

ലണ്ടൻ: ഡയാന രാജകുമാരിയുടെയും സ്വന്തം മകൻറെയും മരണത്തിന് പിന്നിൽ‌ ബ്രിട്ടീഷ് രാജ കുടുംബമാണെന്ന ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിച്ച ഈജിപ്ഷ്യൻ കോടീശ്വരൻ മൊഹമ്മദ് അൽ ഫയദ് അന്തരിച്ചു. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജനിച്ച മൊഹമ്മദ് അൽ ഫയദ് ചെറിയ ബിസിനസുകളിൽ നിന്ന് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നതോടെയാണ് കോടീശ്വരനാകുന്നത്. 1997 ൽ കാർ അപകടത്തിൽ ഡയാന രാജകുമാരിയോടൊപ്പം കൊല്ലപ്പെട്ടത് അൽ ഫയദിൻറെ മകനായ ഡോഡി ആയിരുന്നു.

10 വർഷത്തോളം അപകടത്തിലെ ദുരൂഹത നീക്കാൻ ശ്രമിച്ചതിന് ശേഷം അൽ ഫയദ് നടത്തിയ പ്രതികരണങ്ങൾ വലിയ വിവാദമായിരുന്നു. ഡയാന രാജകുമാരി മകന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നുവെന്നും ഫിലിപ്പ് രാജകുമാരനാണ് ദുരൂഹമായ അപകടം സൃഷ്ടിച്ചതെന്നുമായിരുന്നു അൽ ഫയദ് അവകാശപ്പെട്ടത്. എന്നാൽ ഇതിന് സാധൂകരിക്കുന്ന തെളിവുകൾ നിരത്താൻ അൽ ഫയദിന് സാധിച്ചിരുന്നില്ല. ഡയാന രാജകുമാരിയുടേയും മകന്റെേയും 26ാം ചരമ വാർഷിക ദിനത്തിന് ഒരു ദിവസം മുൻപാണ് അൽ ഫയദിൻറെ അന്ത്യമെന്നാണ് കുടുംബം വിശദമാക്കുന്നത്.

94ാം വയസിലാണ് അന്ത്യം. 1985 ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ശേഷമാണ് ലണ്ടനിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഹാരോഡ്സ് അൽ ഫയദ് ഏറ്റെടുക്കുന്നത്. പാർലമെൻറിൽ അദ്ദേഹത്തിന് വേണ്ടി ചോദ്യങ്ങൾ ചോദിക്കാനായി രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന വിവാദവും അൽ ഫയദിനെ ഏറെക്കാലം മുൾമുനയിൽ നിർത്തിയിരുന്നു. ആൽബട്രോസിന്റെ ചിറകുകൾക്ക് താഴെ നൃത്തം ചെയ്യുന്ന ഡയാനയുടെയും ഡോഡിയുടേയും വെങ്കല പ്രതിമ സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. 1974ലാണ് അൽ ഫയദ് ബ്രിട്ടനിലെ താമസക്കാരനാവുന്നത്. 2010ലാണ് ഹാരോഡ്സിൻറെ ഉടമസ്ഥാവകാശം അൽ ഫയദ് കൈമാറിയിരുന്നു. ബ്രിട്ടീഷ് പൌരത്വം ആവശ്യപ്പെട്ടുള്ള അൽ ഫയദിൻറെ അപേക്ഷ 1995ൽ നിരസിക്കപ്പെട്ടിരുന്നു.