യുഎഇയിൽ 68 തസ്തികകളിൽ സ്വദേശി നിയമനം; ചെറുകിട കമ്പനികൾ വർഷം ഒരു സ്വദേശിയെ നിയമിക്കണം

Advertisement

അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിലെ (20–49 ജീവനക്കാരുള്ള) സ്വദേശിവൽക്കരണം 68 തസ്തികകളിലേക്ക് വ്യാപിപ്പിച്ചു. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് 2024 ജനുവരി ഒന്നു മുതൽ സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്.

ഈ കമ്പനികൾ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. കമ്യൂണിക്കേഷൻ ആൻഡ് ഐടി മേഖലയിലെ 4 പ്രധാന തസ്തികകളിൽ സ്വദേശികളെ നിയമിക്കണം.

∙ സ്വദേശിവത്ക്കരണ മേഖലകൾ

കംപ്യൂട്ടർ പ്രോഗ്രാമിങ്, കംപ്യൂട്ടർ കൺസൽറ്റൻസി, കംപ്യൂട്ടർ മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളി, വെബ്സൈറ്റ് നിർമാണം, ഡേറ്റ പ്രോസസിങ്, ഹോസ്റ്റിങ്, ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ്, ഫിനാൻഷ്യൽ അനാലിസിസ്, കൺസൽറ്റിങ്, ബാങ്കിങ് സർവീസ്, കറൻസി, ലോഹ വിപണനം, ലോൺ ഷെഡ്യൂളിങ്, മോർഗേജ് ബ്രോക്കർ റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ആൻഡ് ടെക്നിക്കൽ ആക്ടിവിറ്റീസ്, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസസ്, ആർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്, മൈനിങ് ആൻഡ് ക്വാറിയിങ്, ട്രാൻസ്ഫർമേറ്റീവ് ഇൻഡസ്ട്രീസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിർമാണം, ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ, ട്രാൻസ്പോർട്ടേഷൻ ആൻ‍ഡ് വെയർഹൗസിങ്, ഹോസ്പിറ്റാലിറ്റി ആൻഡ് റസിഡൻസി സർവീസസ്, വിവര ഗവേഷണം, സർവേ സേവനങ്ങൾ, വാണിജ്യേതര വിവര സേവനം,

∙ നിയമലംഘനത്തിന് വൻതുക പിഴ

ജനുവരി ഒന്നിനകം സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം സ്ഥാപനങ്ങൾക്ക് പിഴ 96,000 ദിർഹം. 2025ൽ 2 സ്വദേശികൾക്ക് ജോലി നൽകാത്ത കമ്പനിക്ക് പിഴ 108,000 ദിർഹമായി വർധിക്കും.

∙ ആദ്യഘട്ടം വിജയത്തിലേക്ക്

50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിലാണ് സ്വദശിവത്ക്കരണം തുടങ്ങിയത്. വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്ന നിബന്ധനയിൽ

17,000 സ്വകാര്യ കമ്പനികളിലായി 81,000 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. 2026ൽ 10% സ്വദേശിവൽക്കരണം പൂർത്തിയാകുന്നതോടെ ഇരട്ടിയിലേറെ സ്വദേശികൾക്ക് ജോലി ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

∙ വ്യാജ സ്വദേശി നിയമനം 565 കമ്പനികൾക്ക് പിഴ

സ്വദേശിവൽക്കരണ നിയമം ലംഘിച്ച 565 കമ്പനികൾക്ക് 20,000 മുതൽ 1,00,000 ദിർഹം വരെ കഴിഞ്ഞ ആഴ്ച പിഴ ചുമത്തി. സ്വദേശികളുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയതിനാണ് നടപടി.

ഈ കമ്പനികൾക്ക് ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാമിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisement