വിദ്യാർഥി വീസ നിയന്ത്രിക്കാൻ കാനഡ; വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെ വർധന

Advertisement

ടൊറന്റോ: കടുത്ത ഭവന പ്രതിസന്ധിയെത്തുടർന്ന് കാനഡ വിദേശ വിദ്യാർഥി വീസയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരേറിയതിനെ തുടർന്ന് കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർധന.

ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി ഹൗസിങ് മന്ത്രി ഷോൺ ഫ്രേസർ അറിയിച്ചു. എന്നാൽ, സർവകലാശാലകളും ക്യൂബക് പ്രവിശ്യയും ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. 2022 ൽ എട്ടു ലക്ഷത്തിലേറെ ആയിരുന്നു കാനഡയിലെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണം. അഞ്ചു വർഷം മുൻപുണ്ടായിരുന്നതിന്റെ 75% വർധന.

2025 ൽ 15 ലക്ഷം വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുമെന്ന് കാനഡ വാഗ്ദാനം ചെയ്തിരുന്നു. കാനഡയിൽ സാധാരണ വീടു വാങ്ങുന്നതിന് ശരാശരി 7.5 ലക്ഷം കനേഡിയൻ ഡോളറെങ്കിലും (5.5 കോടിയിലേറെ രൂപ) വേണം. ടൊറന്റോ, വാൻകൂവർ തുടങ്ങിയ വൻ നഗരങ്ങളിൽ ഇത് ഇരട്ടിയോളമാകും. ആറക്ക ശമ്പളം വാങ്ങുന്നവർക്കു പോലും ഭവന വായ്പ അടച്ചു തീർക്കാൻ 30 വർഷമെങ്കിലും എടുക്കുന്ന സ്ഥിതി. 2030 ആകുമ്പോൾ 58 ലക്ഷം പുതിയ വീടുകൾ നിർമിച്ചാലേ ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരം കാണാനാവൂ. ഒരു വർഷം 8,28,000 പുതിയ വീടുകൾ (2022 ൽ നിർമിച്ചത് 2,60,000) നിർമിച്ചാലേ ഇപ്പോഴത്തെ ആവശ്യത്തിനു തികയൂ.