പെനിസിൽവാനിയ: മലകയറാനുള്ള പരിശീലനം തുണയായി, ജയിലിലെ വൻ മതിൽ പുഷ്പം പോലെ കയറി രക്ഷപ്പെട്ട് കൊലക്കേസിലെ പ്രതിയായ യുവാവ്. പെനിസിൽവാനിയയിലെ ജയിലിലെ വൻ മതിലാണ് കൊലപാതകക്കേസ് പ്രതി നിസാരമായി മറികടന്നത്.
ഞണ്ട് നടക്കുന്നതിന് സമാനമായ രീതിയിലുള്ള നീക്കത്തിലാണ് 34കാരനായ ഡാനിയേലോ കാവൽകാന്റേ എന്ന കുറ്റവാളി ജയിൽ ചാടാനായി പ്രയോഗിച്ചത്. അഞ്ചടിയിലേറെ ഉയരമുള്ള മതിലാണ് മലകയറാനുള്ള പരിശീലനത്തിലെ ടെക്നിക്കുകൾ ഉപയോഗിച്ച് യുവാവ് മറികടന്നത്.
ഇത്തരത്തിൽ ഈ മതിൽ ചാടി ഈ വർഷം രക്ഷപ്പെടുന്ന രണ്ടാമത്തെ ആൾ കൂടിയാണ് ഡിനിയേലോ. ഈ വർഷം ആദ്യം ഒരാൾ രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവികളുടെ നിരീക്ഷണം ജയിലിൽ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ റേസർ വയർ ഉപയോഗിച്ച് മതിലിൽ വേലി തീർത്തിരുന്നെങ്കിലും ഇതിനെ നിഷ്പ്രഭമാക്കിയായിരുന്നു ജയിൽ ചാട്ടം. മെയ് മാസമാണ് ഇതിന് മുൻപ് ഇവിടെ നിന്ന് തടവുപുള്ളി ജയിൽ ചാടിയത്. ഇതിന് പിന്നാലെയാണ് മതിലിൽ മുള്ളുവേലിക്ക് സമാനമായ കമ്പികൊണ്ട് സുരക്ഷാ വലയമൊരുക്കിയത്. എന്നാൽ ഈ സുരക്ഷാ വലയത്തിനുള്ളിലൂടെ ഞണ്ട് നിരങ്ങുന്നത് പോലെ വശങ്ങളിലേക്ക് നീങ്ങിയാണ് ഡാനിയേലോ രക്ഷപ്പെട്ടത്. കൈകൾ ഒരു മതിലിലും കാലുകൾ മറുവശത്തെ മതിലിലുമായി സ്ഥാപിച്ച് വശങ്ങളിലേക്ക് നീങ്ങിക്കൊണ്ടായിരുന്നു ഇയാൾ സുരക്ഷാ വലയം ഭേദിച്ചത്.
ജയിലിൻറെ ടെറസിന് മുകളിലെത്തിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ കുറവുള്ള ഭാഗത്ത് കൂടെ ഗോവണി ഉപയോഗിച്ച് യുവാവ് ഇറങ്ങി പോയിയെന്നാണ് സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പൊലീസ് പറയുന്നത്. റേസർ വയറുകളെ മറി കടക്കാൻ ഇത്തരം വിദ്യകൾ ആരെങ്കിലും പ്രയോഗിക്കുമെന്ന് കരുതിയില്ലെന്നാണ് സുരക്ഷാ വീഴ്ചയേക്കുറിച്ച് ജയിൽ അധികൃതർ വിശദമാക്കുന്നത്. വാച്ച് ടവറിലെ ഉദ്യോഗസ്ഥൻ ഡ്യൂട്ടി മാറുന്ന സമയം കണക്കാക്കിയായിരുന്നു സാഹസികമായ രക്ഷപെടൽ. വ്യാപകമായ രീതിയിൽ തെരച്ചിൽ നടത്തിയിട്ടും 34കാരനെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേസമയം സിടിവികളിൽ തടവു പുള്ളിയുടെ ദൃശ്യങ്ങൾ കണ്ടിട്ടും കൃത്യ സമയത്ത് നടപടി സ്വീകരിക്കാത്ത ഡ്യൂട്ടി ഉദ്യോഗസ്ഥര്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. രക്ഷപ്പെട്ട യുവാവിന്റെ പക്കൽ ആയുധം ഉണ്ടോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്.
പുറമേ നിന്നുള്ളവരുടെ സഹായം രക്ഷപ്പെടലിന് ലഭിച്ചോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വൻ പാരിതോഷികമാണ് ഇയാളേക്കുറിച്ച് സൂചനകൾ നൽകുന്നവർക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ബ്രസീലിലാണ് യുവാവിൻറെ അമ്മ താമസിക്കുന്നത്. രണ്ട് പിഞ്ചുകുട്ടികളുടെ മുന്നിൽ വച്ച് മുൻ കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനാണ് ജീവപരന്ത്യം ശിക്ഷ ലഭിച്ച പ്രതിയാണ് രക്ഷപ്പെട്ടിരിക്കുന്നത്. 2021 ഏപ്രിലിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.