പരിശീലന പറക്കലിനിടെ യുഎഇയിൽ ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു; പൈലറ്റുമാർക്കായി തിരച്ചിൽ

Advertisement

ദുബായ്: അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെ യുഎഇ തീരത്ത് തകർന്നുവീണു. പൈലറ്റുമാർക്കായി തിരച്ചിൽ തുടരുന്നു.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (ജിസിഎഎ) എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിന് 2023 സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി റജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്റർ ഗൾഫ് കടലിൽ വീണതായി ജിസിഎഎ പ്രസ്താവനയിൽ പറഞ്ഞു. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ അവശിഷ്ടങ്ങൾ കണ്ടെടുത്തു.