അശ്രദ്ധ: അബുദാബിയിൽ ഗുരുതര അപകടങ്ങൾ; വൻ നാശനഷ്ടം

Advertisement

അബുദാബി: അശ്രദ്ധമായി വാഹനമോടിച്ചതുമൂലം അബുദാബിയിൽ ഗുരുതര അപകടങ്ങൾ. മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി ഏതാനും വാഹനങ്ങൾക്കു തീപിടിച്ചു. ഒട്ടേറെ േപർക്കു പരുക്കേറ്റു. വൻ നാശനഷ്ടം കണക്കാക്കുന്നു.

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് പൊലീസ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. തിരക്കേറിയ പാതകളിൽ അശ്രദ്ധമായും അമിത വേഗതത്തിലും വാഹനം ഓടിച്ചതും അപകടങ്ങളിലേക്കു നയിച്ചിട്ടുണ്ട്.

അമിതവേഗത്തിൽ എത്തുന്ന കാർ മുന്നിലുള്ള വാഹനങ്ങളിൽ ഇടിച്ച് തെറിച്ച് തീപിടിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ മറ്റു വാഹനങ്ങളിൽ ഇടിക്കുന്നതോടെ കൂടുതൽ കാറുകൾക്ക് കേടുപാട് സംഭവിച്ചു.അതീവ ശ്രദ്ധയോടെ വാഹനമോടിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. അപകട ദൃശ്യങ്ങൾ പങ്കുവച്ച് ജനങ്ങളുടെ അഭിപ്രായം തേടിയ (യുവർ കമന്റ്) പൊലീസ് അതു കാണുന്നവരെങ്കിലും നിയമലംഘനങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്കേറിയ റോ‍ഡുകളിലും മറ്റും പെട്ടന്ന് വാഹനം നിർത്തിയിടുന്നതും അപകടം ക്ഷണിച്ചുവരുത്തും. ഗതാഗത സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ‍ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് പട്രോൾ അഭ്യർഥിച്ചു.

പിഴ

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവർക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വ്യത്യസ്ത നിയമലംഘനങ്ങൾക്കായി വർഷത്തിൽ 24 ബ്ലാക് പോയിന്റ് ലഭിച്ചാൽ ലൈസൻസ് റദ്ദാകും.

ഒഴിവാക്കാം

അമിതവേഗം, അശ്രദ്ധ, പെട്ടന്നു ലെയ്ൻ മാറുന്നത്, വാഹനമില്ലെന്ന് ഉറപ്പാക്കാതെ പ്രധാന റോഡുകളിലേക്കു പ്രവേശിക്കുന്നത്, അകലം പാലിക്കാതിരിക്കുന്നത്, ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, മെയ്ക്കപ്പ് ചെയ്യുന്നത്, വസ്ത്രം ശരിയാക്കുന്നത്.

നിയമലംഘനങ്ങൾ, ശിക്ഷ

∙ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം. 800 ദിർഹം, 4 ബ്ലാക്ക് പോയിന്റ്.

·∙വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്.

∙ഹാർഡ് ഷോൾഡറിലൂടെ മറികടന്നാൽ 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റ്.

∙അപകട സ്ഥലത്ത് കൂട്ടം കൂടി നിന്നാൽ 1000 ദിർഹം പിഴ

സീറ്റ് ബെൽറ്റ് ഇടാതിരുന്നാൽ 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്.

∙കാലഹരണപ്പെട്ട ടയർ ഉപയോഗിച്ച് വാഹനമോടിച്ചാൽ 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.

∙റജിസ്ട്രേഷനും ഇൻഷുറൻസും പുതുക്കാതെ വാഹനമോടിച്ചാൽ 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.

∙വാഹനത്തിൽനിന്ന് മാലിന്യം വലിച്ചെറി​ഞ്ഞാൽ 1000 ദിർഹം പിഴ. 6 ബ്ലാക്ക് പോയിന്റ്

∙ശബ്ദമലിനീകരണമുണ്ടാക്കി വാഹനമോടിച്ചാൽ 2000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റ്

∙കള്ള ടാക്സി സർവീസ് നടത്തിയാൽ 3000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും

വിവിധ നിയമലംഘനങ്ങൾക്കു കണ്ടുകെട്ടിയ വാഹനം തിരിച്ചെടുക്കാൻ 5000 ദിർഹം അധികം നൽകണം. തിരിച്ചെടുക്കാത്ത വാഹനം ലേലം ചെയ്യും.

Advertisement