മൊറോക്കോ ഭൂകമ്പം: മരണം 2012 കടന്നു

Advertisement

റബറ്റ് വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ മരണം ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കഴിഞ്ഞു. 2012 പേര്‍ കൊല്ലപ്പെടുകയും 2059 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പരിക്കേറ്റവരില്‍ 1404 പേരുടെ നില ഗുരുതരമാണ്. പല മേഖലകളിലും എത്തിച്ചേരാനാകാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് മൊറോക്കൻ സൈന്യം സഞ്ചാരയോഗ്യമാക്കി. വെള്ളി രാത്രി 11.11നാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി.

വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായ ലോക പൈതൃക പദവിയുള്ള നഗരമായ മരാക്കേഷിന് 71 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറായി അറ്റ്ലസ് പര്‍വതനിരകളിലെ ഇഖില്‍ ആണ് പ്രഭവകേന്ദ്രം. അല്‍ ഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം
പറഞ്ഞു. തൊട്ടുപിന്നില്‍ തരൂഡന്റ് പ്രവിശ്യയാണ്. ചരിത്ര നഗരമായ മാരാകേഷില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മരണം കുറവാണ്.

Advertisement