മനുഷ്യന് മാത്രമല്ല വൈകാരിക ജീവിതമുള്ളത്. ലോകത്തെ ഏതാണ്ടെല്ലാ ജീവികൾക്കും അത്തരം ചില നിമിഷങ്ങൾ അവരവരുടെതായ ജീവിതത്തിലുമുണ്ടാകും.
പരസ്പരം സ്നേഹ വികാരങ്ങൾ പ്രകടിപ്പിക്കുന്ന മൃഗങ്ങളുടെ ചേഷ്ടകൾ നേരത്തെയും സാമൂഹിക മാധ്യമങ്ങളിൽ ഏറെ കാഴ്ചക്കാരെ നേടിയിരുന്നു. അത്തരമൊരു കാഴ്ച കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഒരു അമ്മക്കുരങ്ങും കുഞ്ഞും തമ്മിലുള്ള ചില നിമിഷങ്ങളായിരുന്നു അത്. Nature is Amazing എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ഇത് ആരോഗ്യകരം’ എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരുടെ ശ്രദ്ധ നേടി. ഒറ്റ ദിവസത്തിനുള്ളിൽ ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്.
എവിടെ നിന്നുള്ള വീഡിയോ ആണെന്നോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ വീഡിയോയിൽ സൂചനയില്ല. പക്ഷേ, എല്ലാക്കാലത്തും ഒരു പോലെ സ്വീകാര്യമാകുന്ന ഒന്നായിരുന്നു അത്. വീഡിയോയുടെ തുടക്കത്തിൽ, എതോ കാട്ട് പഴം കഴിച്ച് കൊണ്ടിരിക്കുന്ന അമ്മ കുരങ്ങിൻറെ അടുത്തിരുന്ന ഒരു കുട്ടി കുരങ്ങ് സമീപത്തെ ഒരു കമ്പിലേക്ക് വലിഞ്ഞ് കയറാൻ ശ്രമിക്കുന്നത് കാണാം. കഴിക്കുന്ന ഭക്ഷണത്തത്തിലാണ് ശ്രദ്ധ എന്ന് തോന്നത്തക്ക രീതിയിൽ ഇരിക്കുന്ന അമ്മ കുരങ്ങ്, വളരെ അലസമായി എന്നാൽ ഏറെ കരുതലോടെ കുട്ടിക്കുരങ്ങിൻറെ കാലിൽ പിടിച്ച് വലിക്കുന്നു. അമ്മയുടെ സ്നേഹപൂർവ്വമായ പിടിത്തത്തെ അവഗണിക്കാൻ അവന് കഴിഞ്ഞില്ല. കയറിയ കമ്പിൽ നിന്നും കുട്ടികുരങ്ങ് പതുക്കെ താഴേക്കിറങ്ങുന്നു. തുടർന്ന് അവൻ അമ്മയുടെ മുഖത്തും കണ്ണിലും കവിളിലും ഉമ്മവയ്ക്കുന്നു.
അതേ സമയം ഭക്ഷണത്തെ കുറിച്ച് മറന്ന്, കുഞ്ഞിൻറെ ലാളനയിൽ ലയിച്ചിരിക്കുന്ന അമ്മ കുരങ്ങിനെ കാണാം. ഈയവസരത്തിലെ കുരങ്ങിൻറെ ഭാവം ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു. അമ്മയുടെയും കുഞ്ഞിൻറെ സ്നേഹ പ്രകടനം കുറിപ്പുകളായി ദൃശ്യങ്ങൾക്ക് താഴെ നിറഞ്ഞു. “അമ്മമാർ എപ്പോഴും, അവരുടെ കുഞ്ഞുങ്ങളെ നോക്കുന്നു, അമ്മ കുരങ്ങ് പോലും ഇതിന് അപവാദമല്ല.” ഒരു കാഴ്ചക്കാരൻ എഴുതി. “മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം,” എന്നായിരുന്നു മറ്റൊരു കമൻറ്. കാഴ്ചക്കാരെല്ലാവരും അമ്മമാരുടെ സ്നേഹത്തെ ആവോളം വാഴ്ത്തി.