ലണ്ടൻ: പ്രമുഖ ലോക നേതാക്കളെല്ലാം പങ്കെടുക്കുത്ത ഡൽഹിയിലെ ജി-20 ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒക്ടോബറിൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ഋഷി സുനക്കിന് ഇത് ‘ഭാര്യവീട്ടിലേക്കുള്ള’ യാത്രകൂടിയായിരുന്നു. അതു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളും. തിരക്കിട്ട ചർച്ചകൾക്കും യോഗങ്ങൾക്കുമിടെ വീണുകിട്ടിയ ഇടവേളയിൽ കുടുംബത്തിനായി സമയം മാറ്റിവച്ചാണ് സുനക് ശ്രദ്ധ നേടിയത്.

ഡൽഹിയിലെ പ്രശസ്തമായ അക്ഷർധാം ക്ഷേത്രത്തിൽ (സ്വാമി നാരായൺ മന്ദിർ) ഭാര്യ അക്ഷതാ മൂർത്തിയോടൊപ്പം ദർശനത്തിനെത്തിയ ഋഷി സുനക്കിന്റെ ചിത്രങ്ങൾ ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടനിലെ മാധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് നൽകിയത്. ബ്രിട്ടനിലെ ഇന്ത്യക്കാരും പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദർശനം ആവേശത്തോടെ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെ സംഭവം വൈറലായി.
ഹിന്ദുവായതിൽ അഭിമാനിക്കുന്നതായും താൻ ആയിരിക്കുന്നതെന്തോ അതെല്ലാം ആ സംസ്കാരത്തിലൂടെ ആർജിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. രക്ഷാബന്ധൻ ആഘോഷത്തിൽ സഹോദരിയും ബന്ധുവും സമ്മാനിച്ച രാഖിയും അണിഞ്ഞാണ് പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ സമ്മർദങ്ങളിൽനിന്നും മുക്തനാക്കുന്നതും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ശക്തി തരുന്നതും ഈശ്വരവിശ്വാസമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ നാരായണമൂത്തിയുടെയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാ മൂർത്തിയുടെയും മകൾ അക്ഷതാ മൂർത്തിയാണ് ഋഷി സുനക്കിന്റെ ഭാര്യ.