നഗരം മൊത്തത്തില്‍ കടലിലേക്ക് ഒലിച്ചുപോയി, ചിതറിയ മൃതദേഹങ്ങള്‍; മരണം 2,000 കടന്നു, ദുരന്തഭൂമിയായി ഡെര്‍ന

Advertisement

ലിബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നു. കിഴക്കന് ലിബിയന്‍ നഗരമായ ഡെര്‍ന പൂര്‍ണമായി കടലിലേക്ക് ഒലിച്ചുപോയി.
ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ലിബിയയില്‍ വെള്ളപ്പൊക്കമുണ്ടായത്.

നഗരത്തിന് സമീപത്തെ മലമുകളില്‍ സ്ഥിതി ചെയ്തിരുന്ന രണ്ട് ഡാമുകളാണ് തകര്‍ന്നത്. ആയിരക്കണക്കിന് പേരെ കാണാതായതായി ഈസ്റ്റ് ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു. ആഭ്യന്തര കലാപത്തിന്റെ കെടുതി തുടരുന്ന രാജ്യത്തില്‍, പ്രകൃതി ദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ലിബിയയെ രണ്ടായി മുറിച്ചാണ് നിലവില്‍ ഭരണം നടക്കുന്നത്.

300 മൃതദേഹങ്ങള്‍ കണ്ടൈത്തിയിട്ടുണ്ടെന്ന് ലിബിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ കുടുങ്ങിക്കുടക്കുന്നുണ്ട് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മലനിരകളില്‍ നിന്ന നഗര മധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെര്‍ന നദിയിലേക്ക് വെള്ളെ കുതിച്ച്‌ പാഞ്ഞെത്തിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് നഗരത്തിലേക്ക് എത്തുന്നത് ദുഷ്‌കരമാണെന്നും മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്നും ഈസ്റ്റ് ലിബിയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2,000ത്തിന് മുകളില്‍ മരണം സംഭവിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും, എത്രപേരാണ് മരിച്ചത് എന്നത് സംബന്ധിച്ച്‌ സര്‍ക്കാരിനും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സാഹചര്യങ്ങള്‍ തങ്ങള്‍ വിചാരിച്ചതിലും ഗുരുതരമാണെന്നും അന്താരാഷ്ട്ര ഇടപെടലുകള്‍ അത്യാവശ്യമാണെന്നും വാര്‍ത്താ ഏജന്‍സി പറഞ്ഞു. തിങ്കളാഴ്ച 200 മൃതദേഹങ്ങള്‍ ഒരു ശ്മശാനത്തില്‍ സംസ്‌കരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കിഴക്കന്‍ ലിബിയയില്‍ വ്യാപക നാശനഷ്ടമാണ് ഡാനിയേല്‍ കൊടുങ്കാറ്റ് വരുത്തിവച്ചത്. ഈജിപ്റ്റ്, ടുനീഷ്യ, തുര്‍ക്കി,യുഎഇ എന്നീ രാജ്യങ്ങള്‍ ഇതിനോടകം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

സൈനിക കമാന്‍ഡര്‍ ഖലീഫ് ഹിഫ്താറിന്റെ നിയന്ത്രണത്തിലാണ് കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ന സ്ഥിതിചെയ്യുന്നത്. ട്രിപ്പോളി അടക്കമുള്ള പടിഞ്ഞാറന്‍ ലിബിയന്‍ നഗരങ്ങള്‍ മറ്റൊരു സായുധ ഗ്രൂപ്പിന് കീഴിലാണ്. 42 വര്‍ഷം ലിബിയ ഭരിച്ച മുവമ്മര്‍ ഗദ്ദാഫിലെ 2011ല്‍ നാറ്റോയുടെ സഹായത്തോടെ വിമതര്‍ വധിച്ചതോടെയാണ് ലിബിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയത്.

Advertisement