മോസ്കോ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യയിലെത്തി. ആഡംബര കവചിത ട്രെയിനിലാണ് കിം എത്തിയത്. നാലു വര്‍ഷത്തിനുശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
റഷ്യൻ അതിര്‍ത്തിയിലെ ഖസാനില്‍ സ്വാഗത പരിപാടികള്‍ നടന്നതായി ജപ്പാൻ ടി.വി നെറ്റ്‍വര്‍ക്കായി ജെ.എൻ.എൻ റിപ്പോര്‍ട്ട് ചെയ്തു. പുടിനുമായി ചര്‍ച്ച നടക്കുന്ന വ്ലാദിവോസ്തോകിലേക്ക് ഇവിടുന്ന് 150 കിലോമീറ്റര്‍ ദൂരമുണ്ട്.
വിദേശകാര്യ മന്ത്രി, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ആയുധ വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ യാത്രയില്‍ ഒപ്പമുണ്ട്. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ഉത്തരകൊറിയയിലെയും റഷ്യയിലെയും സ്റ്റേറ്റ് മീഡിയ വ്യക്തമാക്കിയെങ്കിലും എന്ന്, എപ്പോള്‍ എന്നൊന്നും സംബന്ധിച്ച് വിവരമില്ല.
യുക്രെയ്നെ ആക്രമിക്കാൻ റഷ്യക്ക് ഉത്തര കൊറിയ ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന് മാസങ്ങളായി അമേരിക്ക ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളും ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ആയുധ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ചയും അമേരിക്ക ആവര്‍ത്തിച്ചിരുന്നു.
ഈ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ കിം സഞ്ചരിക്കുന്ന സ്വകാര്യ ട്രെയിനിന്‍റെ വിശേഷങ്ങള്‍ വീണ്ടും വിദേശ മാധ്യമങ്ങളില്‍ നിറയുകയാണ്. പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനില്‍ ഉയര്‍ന്ന സെക്യൂരിറ്റിയുള്ള 90 മുറികളുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 60 കി.മീ മാത്രമാണ്. യാത്രയില്‍ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്ബടിയായുണ്ടാകും. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തര കൊറിയയില്‍ 20 റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിച്ചിട്ടുണ്ട്.