പെനിസിൽവാനിയ: ജയിലിലെ അതീവ സുരക്ഷാ മേഖലയിലൂടെ ഞണ്ടിനേപ്പോലെ നടന്ന് രക്ഷപ്പെട്ട കൊലപാതക കേസ് പ്രതിയെ പിടികൂടിയത് പൊലീസ് നായ. വനിതാ സുഹൃത്തിനെ കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് ക്രൂരമായി കൊലചെയ്ത കേസിൽ പരോളില്ലാതെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് 34കാരനായ ഡാനിയേലോ കാവൽകാന്റേ എന്ന തടവുകാരൻ പെനിസിൽവാനിയയിലെ ജയിലിൽ നിന്ന് പുഷ്പം പോലെ പുറത്ത് കടന്നത്.
മല കയറാനുള്ള പരിശീലനം നേടിയ സമയത്ത് ലഭിച്ച ടെക്നികുകളുടെ സഹായത്തോടെയായിരുന്നു ഈ രക്ഷപ്പെടൽ. ഡ്രോണുകളും ഹെലികോപ്ടറുകളും അടക്കം പ്രത്യേക പൊലീസ് സന്നാഹത്തോടെ ഡാനിയേലോ കാവൽകാന്റേയ്ക്കായി നടത്തിയ തെരച്ചിലിൽ നിർണായകമായത് യോഡ എന്ന പൊലീസ് നായയുടെ നീക്കങ്ങളായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഡാനിയേലോ കാവൽകാന്റേ പൊലീസ് പിടിയിലായത്. പെൻസിൽവാനിയയിലെ ജയിലിൽ നിന്ന് മുപ്പത് മൈലുകൾ അകലെയുള്ള സൌത്ത് കോവെന്റ്രി ടൌണിന് സമീപത്തെ കാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഡാനിയേലോ പിടിയിലാവുന്നത്. വൻ മരങ്ങൾ നിറഞ്ഞ മേഖലയിൽ ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരീക്ഷണം സാധ്യമാകാതെ വന്നതോടെയാണ് യോഡ രംഗത്തെത്തിയത്.
ബെൽജിയൻ മലിനോയിസ് ഇനത്തിലുള്ള നാല് വയസുകാരി യോഡ അതിർത്തി പട്രോൾ ടീമിലാണ് സേവനം ചെയ്യുന്നത്. മരത്തിന് പിന്നിൽ ഒളിച്ച ഡാനിയേലോയെ യോഡ കണ്ടെത്തുകയും കടിച്ച് വീഴ്ത്തുകയുമായിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ സമീപത്തെ വീട്ടിൽ നിന്ന് അടിച്ച് മാറ്റിയ തോക്ക് കയ്യിലുണ്ടായിരുന്നെങ്കിലും യോഡയുടെ പെട്ടന്നുള്ള ആക്രമണത്തിൽ ഡാനിയേലോ പതറിപ്പോയതോടെ പൊലീസിനും പണി എളുപ്പമായെന്നാണ് പൊലീസ് വാർത്താ സമ്മേളനത്തിൽ വിശദമാക്കിയത്. തടവുകാരനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നായയുടെ കടിയേറ്റ് വീണ തടവുകാരനെ നിഷ്പ്രയാസം പൊലീസ് വരുതിയിലാക്കുകയായിരുന്നു.
2021ലാണ് വാക്ക് തർക്കത്തിന് പിന്നാലെ വനിതാ സുഹൃത്തിനെ 38 തവണയിലേറെ കുത്തി ഡാനിയേലോ കൊലപ്പെടുത്തിയത്. ഈ വർഷം പെൻസിൽവാനിയയിലെ ജയിലിലെ മതിൽ ചാടി രക്ഷപ്പെടുന്ന രണ്ടാമത്തെ ആളാണ് ഡാനിയേലോ. ഈ വർഷം ആദ്യം ഒരാൾ രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവികളുടെ നിരീക്ഷണം ജയിലിൽ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ റേസർ വയർ ഉപയോഗിച്ച് മതിലിൽ വേലി തീർത്തിരുന്നെങ്കിലും ഇതിനെ നിഷ്പ്രഭമാക്കിയായിരുന്നു ഡാനിയേലോയുടെ ജയിൽ ചാട്ടം.