മൊബൈൽ ഫോണുകൾ സാർവ്വത്രികമായതോടെ ആളുകൾ തമ്മിലുള്ള സംവേദനത്തിന് ഏറ്റവും ലളിതമായ രീതികളും വ്യാപകമായി. ഇമോജികളുടെ കടന്നുവരവോടെ തീവ്രമായ വികാരങ്ങൾ വളരെ ലളിതമായ ചില ചിഹ്നങ്ങളിലൂടെ വ്യക്തമാക്കാൻ സാധിക്കുന്നു.
എന്നാൽ, ചുവന്ന് തുടുത്ത ഹൃദയത്തിൻറെ ഇമോജികൾ എതിർലിംഗത്തിലുള്ള ഒരാളുമായി പങ്കുവച്ചാൽ നിങ്ങളെ ജയിലിൽ അടയ്ക്കാൻ നിയമമുള്ള ചില ഗൾഫ് രാജ്യങ്ങളുണ്ടെന്ന് അറിയാമോ ? കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇത്തരം ഹൃദയ ഇമോജികൾ എതിർ ലിംഗത്തിലുള്ളവരുമായി പങ്കുവച്ചാൽ തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങൾ നിങ്ങളെ തേടിയെത്തും.
സാങ്കേതിക വിദ്യയുടെയും സന്ദേശമയക്കൽ സംവിധാനങ്ങളുടെയും വളർച്ച പരമ്പരാഗത ആശയങ്ങളും ആധുനിക ആശയവിനിമയ രീതികളും തമ്മിൽ വ്യക്തമായ ഒരു സാംസ്കാരിക വ്യത്യാസം കൊണ്ടുവന്നു. ഉദാഹരണത്തിന് എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി ആശയവിനിമയം ചെയ്യുമ്പോൾ നിങ്ങൾ ഹൃദയ ഇമോജികൾ പങ്കുവച്ചാൽ അത് എളിമയുടെ ലംഘനമായും സാംസ്കാരിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒരു പ്രണയബന്ധം സ്ഥാപിക്കാനുള്ള നിങ്ങളുടെ ശ്രമമായും കണക്കാക്കുന്നു. പരമ്പരാഗത ഇസ്‌ലാമിക സംസ്‌കാരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിയമം ഈ രാജ്യങ്ങളിൽ കൊണ്ടുവന്നത്. ഭാര്യഭർത്താക്കന്മാരല്ലാത്ത എതിർലിംഗത്തിൽപ്പെട്ടവരുടെ പരസ്പരമുള്ള ലൈംഗീക ഇടപെടലുകൾ പരിമിതപ്പെടുത്തുന്നതിനാണ് ഇത്തരമൊരു നിയമം.
കുവൈറ്റിലെ നിയമമനുസരിച്ച്, ഈ കുറ്റം ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവും 2,000 കുവൈറ്റ് ദിനാർ വരെ പിഴയും ലഭിക്കും. സൗദി അറേബ്യയിലെ നിയമമനുസരിച്ച്, വാട്ട്‌സ്ആപ്പിൽ റെഡ് ഹാർട്ട് ഇമോജി ഉപയോഗിക്കുന്നത് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും ലഭിച്ചേക്കാം. മാത്രമല്ല, സൗദി നിയമപ്രകാരം ചുവന്ന ഹൃദയം അയയ്ക്കുന്നത് “പീഡന”ത്തിൻറെ പരിധിയിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കുറ്റകൃത്യം ആവർത്തിച്ചാൽ, അഞ്ച് വർഷം വരെ തടവ് ശിക്ഷയ്ക്ക് വിധേയനാകാം. മാത്രമല്ല മൂന്ന് ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കും. കാലം മാറുന്നതിനനുസരിച്ച് ആശയവിനിമയത്തിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങളെ തങ്ങളുടെ സാംസ്കാരിക മതപരമായ ചട്ടക്കൂടിൽ നിയന്ത്രണ വിധേയമാക്കാനാണ് ഇത്തരം നിയമങ്ങൾ. പറഞ്ഞുവരുന്നത്, നിങ്ങൾ ഏതെങ്കിലും വിദേശത്ത് നിന്ന് അതേ രാജ്യത്തുള്ള വ്യക്തിയുമായി ആശയവിനിമയം നടത്തുന്നതിന് മുമ്പ് ആ രാജ്യത്തിൻറെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് ജാഗ്രത പുലർത്തുന്നത് നല്ലതാണെന്നാണ്.