നീലകണ്ണുകളുള്ള അപൂര്‍വ്വയിനം അറേബ്യന്‍ പുള്ളിപ്പുലിയെ അസീര്‍ തിഹാമ മലനിരകളില്‍ കണ്ടെത്തി

Advertisement

വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലിയെ സൗദിയുടെ തെക്ക് ഭാഗത്തെ അസീര്‍ തിഹാമ മലനിരകളില്‍ കണ്ടെത്തി. സ്വന്തം സംരക്ഷിത വനപ്രദേശങ്ങളില്‍ സൗദി അറേബ്യ അറേബ്യന്‍ പുള്ളിപ്പുലികള്‍ക്ക് പ്രജനനത്തിന് പദ്ധതി നടത്തിവരുന്നതിനിടെയാണ് മല കയറിപ്പോകുന്ന പുലിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. മാര്‍ജ്ജാര കുടുംബത്തില്‍ പെട്ട സസ്തനികളായ ഈ മാംസഭോജികള്‍ ഉയരമുള്ള മലനിരകളിലാണ് കണ്ടുവരുന്നത്.
സൗദി അറേബ്യ, യുഎഇ, യമന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ മാത്രം കണ്ടുവരുന്ന ഇവ വംശനാശഭീഷണിയിലാണ്. രാവും പകലും ഇവ കാടുകളില്‍ സജീവമാണെങ്കിലും മനുഷ്യ സാന്നിധ്യത്തെ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഏകാന്തതയാണ് ഈ പുലികള്‍ക്കിഷ്ടം. ഇണചേരല്‍ കാലയളവില്‍ മാത്രമേ ഇവ ഒന്നിക്കാറുള്ളൂ.
അറേബ്യന്‍ പുള്ളിപ്പുലിക്ക് ഇളം നിറമാണുള്ളത്. മറ്റു ഇനം പുലികളുടെ ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും മഞ്ഞ കലര്‍ന്ന സ്വര്‍ണനിറം കാണപ്പെടുന്നുണ്ടെങ്കിലും അറേബ്യന്‍ പുള്ളിപ്പുലിയുടെ മുതുക് ഭാഗത്ത് മാത്രമേ ഈ നിറമുണ്ടാവുകയുള്ളൂ. ശരീരത്തിന്റെ ബാക്കി ഭാഗങ്ങളില്‍ ഇളം മഞ്ഞയോ വെള്ളയോ നിറമായിരിക്കും. ആഫ്രിക്കന്‍ പുലികളില്‍ നിന്ന് വ്യത്യസ്തമായി ഇവക്ക് നീലകണ്ണുകളാണ് ഉണ്ടാവുക. ഭാരം പെണ്‍പുലികള്‍ക്ക് 20 കിലോ വരെയും ആണ്‍ പുലികള്‍ക്ക് 30 കിലോയും വരും.

Advertisement