മകൻ മരിച്ച് മൂന്ന് വർഷത്തിന് ശേഷം അവൻറെ ഹൃദയമിടിപ്പ് കേട്ട് അച്ഛനും അമ്മയും !

Advertisement

മകൻ മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം അവൻറെ ഹൃദയമിടിപ്പ് ശ്രവിച്ച് അച്ഛനും അമ്മയും. ഇംഗ്ലണ്ടിലെ നോർഫോക്കിലെ നോർവിച്ചിന് സമീപമുള്ള 30 കാരനായ കിറ്റ് ബ്ലെക്ക് 2020 ലെ വസന്തകാലത്താണ് മരിച്ചത്.

ഹൃദയമടക്കം അദ്ദേഹത്തിൻറെ നാല് അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്തു. ഒടുവിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം മകൻറെ ഹൃദയം സ്വീകരിച്ച 64 കാരനായ ടിം ഹെഡിനെ കണ്ട് മുട്ടിയപ്പോൾ കിറ്റ് ബ്ലെക്കിൻറെ അച്ഛനും അമ്മയും സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് മകൻറെ ഹൃദയമിടിപ്പ് കേട്ടു. പിന്നാലെ “ഇത് എനിക്ക് അൽപ്പം ശക്തി നൽകി,” ബ്ലെയ്ക്കിൻറെ അമ്മ പറഞ്ഞു. “കിറ്റ് ടിം ഹെഡിനെ സഹായിച്ചു. അവൻറെ ജീവിതം എങ്ങനെയായിരുന്നോ അതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇപ്പോഴെന്ന് ചിന്തിക്കുന്നത് അത്ഭുതകരമാണ്, കാരണം അവൻ വളരെ പാവമായിരുന്നു.” അവർ കൂട്ടിച്ചേർത്തു.

നോർത്താംപ്ടൺഷെയറിൽ നിന്നുള്ള ടിം ഹെഡിന് ഡൈലേറ്റഡ് കാർഡിയോമയോപ്പതി (ഹൃദയത്തിൻറെ ഭിത്തികളെ ദുർബലപ്പെടുത്തുന്ന ഒരു രോഗം – Dilated cardiomyopathy) രോഗമായിരുന്നു. അഞ്ച് വർഷത്തോളം രോഗബാധിതനായി കഴിഞ്ഞ ടിം, ഹൃദയ ശസ്ത്രക്രിയയ്ക്ക് മുമ്പ് താൻ മരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് അവകാശപ്പെട്ടു. തൻറെ മിടിക്കുന്ന ഹൃദയത്തിൻറെ ഉടമയായ ബ്ലെയ്ക്കിൻറെ കുടുംബത്തെ കണ്ടുമുട്ടിയത് “വളരെ വൈകാരിക” നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരുടെ മകൻറെ ഹൃദയം എനിക്ക് ലഭിച്ചുവെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അവരെ നോക്കുകയാണ്….. ഞാൻ എന്തിലൂടെയാണ് കടന്നുപോയതെന്നും മറ്റ് കുടുംബാംഗങ്ങൾ ഇതെങ്ങനെ നേരിടുന്നുവെന്നും ചിന്തിക്കാത്ത ഒരു ദിവസം പോലും ഞാൻ കടന്നുപോകുന്നില്ല.” അദ്ദേഹം പറഞ്ഞു. “ഞാൻ ഇപ്പോൾ ജീവിതം ആസ്വദിക്കുന്നു, അത് അതിശയകരമാണ്. മുഴുവൻ സമയ ജോലി ചെയ്യുന്നു. അതെ, ഞാൻ ഇപ്പോൾ ഒരു സാധാരണ ജീവിതം നയിക്കുന്നു.” ടിം ഹെഡ് ബിബിസിയോട് പറഞ്ഞു.

30 മത്തെ വയസിൽ കിറ്റ് ബ്ലെക്ക് മരിക്കുമ്പോൾ, അദ്ദേഹം അവയവസേവന ദാതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല. മരണാനന്തരം സ്പെഷ്യലിസ്റ്റ് നഴ്സുമായി സംസാരിച്ചതിന് ശേഷം കിറ്റിൻറെ അവയവങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുന്നതിന് കുടുംബം സമ്മതം നൽകുകയായിരുന്നു. ഇംഗ്ലണ്ടിൽ 1,643 പേർക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ അവയവങ്ങൾ മാറ്റിവച്ചു. എന്നാൽ ഇപ്പോഴും 7,219 പേർ പട്ടികയിൽ യോജിച്ച അവയവങ്ങൾക്കായി അവസരം കാത്ത് നിൽക്കുന്നു. കഴിഞ്ഞ വർഷം 439 രോഗികൾ യോജിച്ച അവയവങ്ങൾ ലഭിക്കാതെ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ദേശീയ രജിസ്റ്ററിൽ 25,000 പുതിയ അവയവ ദാതാക്കളെ ഉൾപ്പെടുത്തുന്നതിനായുള്ള അവയവദാന വാരത്തിന് തുടക്കം കുറിച്ചിരുന്നു.