കാരക്കസ്: വെനസ്വേലയിലെ അംബരചുംബിയായ ഡേവിഡ് ടവറിൽ അഞ്ച് നിലകളുള്ള ഒരു ഹോട്ടലും നിരവധി ആഡംബര അപ്പാർട്ട്മെൻറുകൾ നിറഞ്ഞ ബ്ലോക്കുകളുമുണ്ടായിരുന്ന ഒരു പ്രതാപകാലമുണ്ടായിരുന്നു. എന്നാൽ, 45 നിലകളുള്ള ഡേവിഡ് ടവർ ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേരിയാണെന്ന് ദ സൺ ഡോട്ട് കോ ഡോട്ട് യുകെ എന്ന വൈബ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഈ പടുകൂറ്റൻ കെട്ടിടത്തിൽ 3,000 -ത്തോളം സാധാരണക്കാരായിരുന്നു ഒരു കാലത്ത് താമസിച്ചിരുന്നത്. ദന്തഗോപുരത്തിൽ നിന്ന് ചേരിയിലേക്കുള്ളതായിരുന്നു ഡേവിഡ് ടവറിൻറെ വീഴ്ച. അതിസമ്പന്നർക്ക് മുന്നിൽ മാത്രം തുറന്നിരുന്ന യന്ത്രവാതിലുകൾ അതിസാധാരണക്കാർക്ക് മുന്നിൽ പോലും അടയ്ക്കാതെയായി, എപ്പോഴും തുറന്ന് കിടക്കുന്ന അവസ്ഥ.
1990-കളിലാണ് ആ അംബരചുംബിയുടെ നിർമ്മാണം ആരംഭിക്കുന്നത്. തുടക്കത്തിൽ നഗരത്തിൻറെ സാമ്പത്തിക കേന്ദ്രമായിട്ടായിരുന്നു ഡേവിഡ് ടവറിൻറെ നിർമ്മാണം. എന്നാൽ, 1993-ൽ കെട്ടിടത്തിൻറെ പ്രാഥമിക നിക്ഷേപകൻ മരിച്ചു. പിന്നാലെ കെട്ടിടത്തിൻറെ നിയന്ത്രണം വെനിസ്വേലൻ സർക്കാർ ഏറ്റെടുത്തു. ഭരണകൂടം കെട്ടിടത്തിൻറെ നിർമ്മാണം ഏറ്റെടുത്തതിന് പിന്നാലെ നിർമ്മാണം ഇഴഞ്ഞു നീങ്ങി, പതുക്കെ താളം തെറ്റി. ഒടുവിൽ നിർമ്മാണം തന്നെ നിലച്ചു. നിർമാണം പൂർത്തിയാക്കാത്തതിനാൽ കെട്ടിട സമുച്ചയത്തിലെ ആറ് ബ്ലോക്കുകളിൽ അടിസ്ഥാന പൗര സൗകര്യങ്ങളില്ലാതെ അവശേഷിച്ചു. വെള്ളം, വൈദ്യുതി, ലിഫ്റ്റുകൾ, ബാൽക്കണി റെയിലിംഗുകൾ, ജനലുകൾ, ചുമരുകൾ എന്നിവയൊന്നും ഈ ആറ് ബ്ലോക്കുകളിലും ഉണ്ടായിരുന്നില്ല. പകരം ഒരു കൂറ്റൻ കെട്ടിടത്തിൻറെ അസ്ഥികൂടം മാത്രമായി അത് നിന്നു.
1998-ൽ, അന്നത്തെ വെനസ്വേലൻ പ്രസിഡൻറായിരുന്ന ഹ്യൂഗോ ഷാവേസ്, പാവപ്പെട്ട സാമ്പത്തികമായി താഴ്ന്ന വിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ ഒഴിഞ്ഞ കെട്ടിടം ഏറ്റെടുക്കാനും തങ്ങളുടേതാണെന്ന് അവകാശപ്പെടാനും പ്രോത്സാഹിപ്പിച്ചു. പ്രസിഡൻറിൻറെ ആഹ്വാനം കേട്ട വീടില്ലാത്ത സാധാരണക്കാർ ആ അംബരചുംബിയിലേക്ക് കയറി. 2007 ആയപ്പോഴേക്കും വെനസ്വേലയിലെ ഈ മൂന്നാമത്തെ വലിയ അംബരചുംബിയിലേക്ക് വൻതോതിൽ സാധാരണക്കാർ കുടിയേറിയിരുന്നു. കയറിവന്നവർ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതിനായി ചുമരുകളിൽ ഷാവേസിൻറെ പടുകൂറ്റൻ ചിത്രങ്ങൾ വരച്ചു.
താമസക്കാർ സ്വന്തം നിലയ്ക്ക് എല്ലാ നിലകളിലെയും 50 കുടുംബങ്ങൾക്ക് വൈദ്യുതി വിതരണം ചെയ്തു. പിന്നാലെ മേൽക്കൂരയിലെ ഹെലിപാഡ് ഏറ്റെടുത്തു. 22-ാം നിലയിലേക്ക് വരെ വെള്ളം എത്തിച്ചു. പതുക്കെ കെട്ടിടത്തിനുള്ളിൽ കടകൾ, ഗാർഡുകൾ, ഇലക്ട്രിക് ഗേറ്റുകൾ എന്നിവ നിർമ്മിച്ച് കൊണ്ട് താമസക്കാർ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ സ്വന്തം നിലയ്ക്ക് വികസിപ്പിച്ചു. എന്നാൽ കാര്യങ്ങൾ പതുക്കെ കീഴ്മേൽ മറിയുകയായിരുന്നു. എൽ നിനോ എന്ന ഗുണ്ടാ തലവൻറെ വരവോടെയായിരുന്നു അത്. കെട്ടിടത്തിലെ സാധാരണക്കാരായ 3,000 പേരെയും ഭരിച്ചിരുന്നത് ഇയാളായിരുന്നു. കെട്ടിടം സന്ദർശിക്കുന്ന മാധ്യമ പ്രവർത്തകരോടും മറ്റ് സന്ദർശകരോടും ഓരോ നിലയിലും പണം ആവശ്യപ്പെടുന്നതിനായി ഇയാൾ കുട്ടികളെ നിർത്തിയിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
എൽ നിനോ കെട്ടിടത്തിൻറെ നിയന്ത്രണം ഏറ്റെടുത്തിരുന്ന ആദ്യ കാലങ്ങളിൽ തൻറെ എതിരാളികളെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞ് കൊല്ലാൻ പോലും മടിച്ചിരുന്നില്ലന്നാണ് റിപ്പോർട്ടുകൾ. അക്രമങ്ങൾ കൂടുന്നതായി നിരന്തരം റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ 2014-ൽ, ഇവിടെ താമസിക്കുന്ന ആളുകളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. താമസക്കാരെ 32 കിലോമീറ്റർ അകലെയുള്ള സർക്കാർ നിർമ്മിച്ച വീടുകളിലേക്കാണ് മാറ്റിയത്. ഡേവിഡ് ടവറിൽ നിന്നും കുട്ടികൾ വീണ് മരിക്കുന്നുവെന്നും കെട്ടിടം വൃത്തിഹീനവും സുരക്ഷിതമല്ലാത്തത് കൊണ്ടുമാണ് ഈ കുടിയൊഴിപ്പിക്കൽ എന്നാണ് കാരക്കാസ് (വെനസ്വേലയുടെ തലസ്ഥാനം) മന്ത്രി ഏണസ്റ്റോ വില്ലെഗാസ് അറിയിച്ചത്. നിലവിൽ ആദ്യ നിലകളിലെ ഏതാനും ഓഫീസുകൾ ഒഴികെ ടവർ ഇപ്പോൾ ശൂന്യമാണ്.