ഫോണിലേക്ക് നഗ്ന എ ഐ ചിത്രങ്ങൾ, അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ പെൺകുട്ടികൾ ഞെട്ടി; അന്വേഷണം തുടങ്ങി പൊലീസ്

Advertisement

മാഡ്രിഡ്: ആർട്ടിഫീഷ്യൽ ഇന്റലിജൻസ് ആപ്പുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളുടെ മനോഹാരിത മായും മുൻപ് ഞെട്ടിക്കുന്ന സംഭവങ്ങൾ. സ്കൂൾ അവധി പൂർത്തിയാക്കി ക്ലാസിലേക്ക് തിരികെ എത്തിയ പ്രായപൂർത്തിയാകാത്ത നിരവധി സ്കൂൾ കുട്ടികളെ കാത്തിരുന്നത് എഐ ഉപയോഗിച്ച് നിർമ്മിച്ച അവരുടെ അശ്ലീല ചിത്രങ്ങൾ.

സ്പെയിനിലാണ് സംഭവം നടന്നിരിക്കുന്നത്. എഐ ഉപയോഗിച്ച നടത്തുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ സൂചന മാത്രമാണ് സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

സ്പെയിനിലെ ആൽമെൻഡറാലെജോയിലെ ഒരു കൂട്ടം അമ്മമാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. നഗ്നരായ നിലയിലുള്ള പെൺമക്കളുടെ ചിത്രങ്ങൾ അയച്ച് കിട്ടിയെന്നാണ് പരാതി വിശദമാക്കുന്നത്. എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പുകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 12ലേറെ പെൺകുട്ടികൾക്കാണ് അവരുടെ നഗ്ന ചിത്രങ്ങൾ ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഹൈക്കോർട്ട് ഓഫ് ജസ്റ്റിസ് വക്താവ് ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംഭവത്തേക്കുറിച്ച് സ്പെയിൻ പൊലീസ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അൽ അദിപ് സ്വദേശിയായ പരാതിക്കാരിലൊരാൾ ഇത്തരം ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രസിദ്ധീകരിച്ചാൽ ഗുരുതര പ്രത്യാഘാതം കുട്ടികൾക്കുണ്ടാവുമെന്ന ആശങ്ക മാധ്യമങ്ങളോട് മറച്ച് വയ്ക്കുന്നില്ല. മറ്റുള്ളവരുടെ പ്രത്യേകിച്ച് കുട്ടികളുടെ ചിത്രങ്ങൾ ഇത്തരം കാര്യങ്ങൾക്കായി പ്രയോഗിക്കുന്നത് ക്രൂരമെന്നാണ് ഈ അമ്മമാർ പ്രതികരിക്കുന്നത്. സുഹൃത്തുക്കളിൽ നിന്നാണ് തങ്ങളുടെ നഗ്ന ചിത്രങ്ങൾ പ്രചരിക്കുന്നതായി ഇരകളാക്കപ്പെട്ടവരിൽ മിക്കവാറും തിരിച്ചറിയുന്നത്. അശ്ലീല ചിത്രം കാണിച്ച് മുതിർന്ന കുട്ടികൾ പെൺമക്കളെ ചൂഷണം ചെയ്യാൻ ശ്രമിച്ചതായും അമ്മമാർ പരാതിയിൽ ആരോപിക്കുന്നുണ്ട്. പണം ചോദിച്ച് നൽകാതെ വന്നതിന് പിന്നാലെ കുട്ടിയുടെ ഫോണിലേക്ക് മകളുടെ തന്ന നഗ്ന ചിത്രം ലഭിച്ചതിന്റെ ഞെട്ടലിലാണ് മകളുള്ളതെന്നാണ് ഒരു കുട്ടി പ്രതികരിക്കുന്നത്.

ഡിജിറ്റൽ രംഗത്ത് പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് എഐ ഉപയോഗിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഇതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. എഐ ഉപയോഗിച്ച് ട്രെൻഡിംഗ് ഫോട്ടോകൾ സൃഷ്ടിക്കാൻ വെമ്പി ആപ്പുകൾക്ക് അനുമതി നൽകുമ്പോൾ ഉണ്ടാകുന്ന വിവര ചോർച്ചയേക്കുറിച്ച് മുന്നറിയിപ്പുകൾ വരുന്നതിനിടയ്ക്കാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ അതിക്രമത്തേക്കുറിച്ച് വാർത്തകൾ വരുന്നത്.

Advertisement