രൂപയ്ക്ക് ‘വില’യുള്ള രാജ്യങ്ങൾ, യാത്ര തുടങ്ങൂവെന്ന് സഞ്ചാരി; ട്രോൾ, ഒടുവിൽ പോസ്റ്റ് തന്നെ ഇല്ലാതായി !

Advertisement

സഞ്ചാരികൾ അവർ കടന്ന് പോകുന്ന രാജ്യങ്ങളുടെ സവിശേഷതകൾ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരുമായി പങ്കിടുന്നത് ഇന്ന് ഏറെ സാധാരണമായ ഒരു കാര്യമാണ്. അത്തരം അനുഭവങ്ങളും ചിത്രങ്ങളും മറ്റ് ഉള്ളടക്കങ്ങളും കാഴ്ചക്കാരെ സ്വാധീനിക്കുന്നു.

ഈ വ്യത്യസ്തതകൾ കാണാനും അനുഭവിക്കാനുമുള്ള ആഗ്രഹം കാഴ്ചക്കാരിലും ഉണ്ടാകുന്നു. ഇത്തരത്തിൽ ആകാംക്ഷ മോംഗ എന്ന സഞ്ചാരി കഴിഞ്ഞ ദിവസം തൻറെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വിവരം എക്സ് ഉപയോക്താക്കൾക്കിടയിൽ ഏറെ വൈറലാവുകയും നിരവധി ട്രോളുകൾ ഉണ്ടാവുകയും ചെയ്തു. ആകാംക്ഷ, ഇന്ത്യൻ രൂപ പ്രയോജനകരമായി ഉപയോഗിക്കാവുന്ന ചില രാജ്യങ്ങളുടെ ഒരു ലിസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു ചെയ്തത്. എന്നാൽ എക്സ് ഉപയോക്താക്കൾ ആ താരതമ്യത്തിലെ യുക്തിസഹമായ പോരായ്മകൾ ചൂണ്ടിക്കാട്ടി.

“ഇന്ത്യൻ രൂപയിൽ നിങ്ങൾക്ക് രാജാവിനെപ്പോലെ ജീവിക്കാൻ കഴിയുന്ന അഞ്ച് രാജ്യങ്ങൾ” എന്ന കുറിപ്പോടെയായിരുന്നു ആകാംക്ഷ തൻറെ ട്വീറ്റ് പങ്കുവച്ചത്. വിയറ്റ്‌നാം, ഇന്തോനേഷ്യ, പരാഗ്വേ, കംബോഡിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഔദ്ധ്യോഗിക നാണയവുമായി ഇന്ത്യൻ രൂപയ്ക്കുള്ള വിനിമയ നിരക്കായിരുന്നു ആകാംക്ഷ പങ്കുവച്ചത്. എന്നാൽ, യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ വരുന്ന മറ്റ് നിർണായക സാമ്പത്തിക ഘടകങ്ങൾ പരിഗണിക്കുന്നതിൽ ആകാംക്ഷ പരാജയപ്പെട്ടെന്ന് എക്സ് ഉപയോക്താക്കൾ എഴുതി. ആകാംക്ഷയുടെ ട്വീറ്റിൽ ഇന്ത്യയുടെ ഒരു രൂപയുമായി വിയറ്റ്നമീസ് ഡോംഗിന് 292.03 ൻറെ വിനിമയ നിരക്ക് കാണിച്ചു. അത് പോലെ ഇന്തോനേഷ്യൻ റുപിയയുമായി 184.94 ഉം പരാഗ്വേയൻ ഗ്വാറനിയുമായി 87.42 ൻറെ വിനിമയ നിരക്കും കമ്പോഡിയൻ റിയലുമായി 49.36 ൻറെ വിനിമയ നിരക്കും ശ്രീലങ്കൻ രൂപിയുമായി 3.88 ൻറെ വിനിമയ നിരക്കും കാണിച്ചു. തുടർന്ന് നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആകാംക്ഷ തൻറെ ആരാധകരോട് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

പക്ഷേ, ആകാംക്ഷയുടെ ട്വീറ്റ് തിരിച്ചടിച്ചു. കാഴ്ചക്കാർ അവൾക്ക് PPP (പർച്ചേസിംഗ് പവർ പാരിറ്റി), കറൻസി കൺവേർഷൻ ചാർജുകൾ, ഏറ്റവും പ്രധാനമായി ഗ്രൗണ്ട് റിയാലിറ്റി എന്നിവ മനസ്സിലാകുന്നില്ല,” എന്ന് കുറിച്ചു. “വിനിമയ നിരക്കുകൾ ന്യായമായ ആശയം നൽകുന്നില്ല. ഞാൻ ഇന്തോനേഷ്യയിൽ പോയിട്ടുണ്ട്. INR /IDR ആക്കി മാറ്റിയപ്പോൾ വളരെ സന്തോഷമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ സഞ്ചരിച്ച് തുടങ്ങിയപ്പോൾ ഞങ്ങൾക്ക് യാഥാർത്ഥ്യം അറിയാൻ കഴിഞ്ഞു. അവിടെ വാട്ടർ ബോട്ടിലുകൾക്ക് 20,000 IDR വിലയുണ്ട്. ഇത് 2017 ലെ കണക്കാണ്. ഇപ്പോൾ കൂടുതൽ ആയിരിക്കണം.” മറ്റൊരു കാഴ്ചക്കാരൻ എഴുതി. “ഒരു രാജ്യത്തിൻറെ കറൻസിയുടെ കുറഞ്ഞ വിനിമയ നിരക്ക് ആ രാജ്യത്തെ കുറഞ്ഞ ജീവിതച്ചെലവ് അർത്ഥമാക്കുന്നില്ല” എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. “ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുത്. ഫോറെക്‌സ് എന്നത് എപ്പോഴും പണം കൂടുതലാണെന്ന് അർത്ഥമാക്കുന്നില്ല. ഞാൻ ഇന്തോനേഷ്യ സന്ദർശിച്ചു, ഞാൻ 5000 IDR ആയി പരിവർത്തനം ചെയ്തു, എനിക്ക് 1 ദശലക്ഷം IDR ലഭിച്ചു, എന്നാൽ ടാക്സിക്കാർ 5 KM യാത്രയ്ക്ക് 100,000 IDR ഈടാക്കുന്നു. ഒരു രാത്രിക്ക് 500,000 IDR ആണ് ഹോട്ടൽ ഈടാക്കിയത്. അതിനാൽ ഇത് ഒരു നമ്പർ മാത്രമാണ്. ” ഏറെ വിമർശനങ്ങൾ എഴുതപ്പെട്ടതോടെ ആകാംക്ഷ തൻറെ ട്വീറ്റ് തന്നെ പിൻവലിച്ചു.

Advertisement