‘തട്ടിക്കൊണ്ട് പോകില്ല, കൊല്ലില്ല’; ലോക വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ പിആർ വകുപ്പ് !

Advertisement

കാബൂൾ: 2021 ഓഗസ്റ്റ് 15 ന് അമേരിക്കയുടെ പിൻമാറ്റത്തിന് പിന്നാലെ രണ്ടാമതും അഫ്ഗാനിസ്ഥാൻറെ അധികാരം കൈയാളിയ താലിബാൻ ഒടുവിൽ ലോക സഞ്ചാരികളെ തങ്ങളുടെ രാജ്യം കാണാനായി ക്ഷണിക്കുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി തയ്യാറാക്കിയ വീഡിയോ എക്സ് സാമൂഹിക മാധ്യമത്തിൽ വൈറലായി.

വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തുന്ന വിദേശികളെ മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകുകയോ കൊലപ്പെടുത്തുകയോ ഇല്ലെന്ന് താലിബാൻ വീഡിയോയിലൂടെ അവകാശപ്പെട്ടു. വീഡിയോ പങ്കുവച്ച കൊണ്ട് താലിബാൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ഇങ്ങനെ കുറിച്ചു, ‘ അമേരിക്കക്കാരിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാർത്ഥ നാടും ധീരന്മാരുടെ വീടുമായ #അഫ്ഗാനിസ്ഥാൻ എന്ന മഹത്തായ രാഷ്ട്രം സന്ദർശിക്കുക. പേശീബലമുള്ള പുരുഷന്മാരും പരമ്പരാഗത സ്ത്രീകളും അധിവസിക്കുന്ന പരുക്കൻ രാജ്യം. യുദ്ധം അവസാനിച്ചതിനാൽ നിങ്ങൾ 100 % സുരക്ഷിതരായിരിക്കും, ഞങ്ങൾ ഇനി മുതൽ വിനോദസഞ്ചാരികളെ മോചനദ്രവ്യത്തിനായി പിടിക്കില്ല.’ മൂന്ന് ദിവസത്തിനുള്ളിൽ പതിനേഴ് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

ഒരു പക്ഷേ ലോകത്ത് ആദ്യമായാണ് ഒരു ഭരണകൂടം പൊതു ഇടത്തിൽ തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദ സഞ്ചാരികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ട് പോവുകയോ കൊല്ലുകയോ ഇല്ലെന്ന് അവകാശപ്പെടുന്നത്. വീഡിയോയിൽ അഫ്ഗാനിസ്ഥാൻറെ ഭൂപ്രകൃതിയെ കോർത്തിണക്കി നാല് നിറങ്ങൾ അവതരിപ്പിക്കുന്നു. ആദ്യത്തേത് കറുപ്പാണ്. അഫ്ഗാനിസ്ഥാൻ കറുത്തതാണ്, അഫ്ഗാനിസ്ഥാൻ ചുവന്നതാണ്. അഫ്ഗാനിസ്ഥാൻ പച്ചയാണ്. അഫ്ഗാനിസ്ഥാൻ വെള്ളയാണ്’ എന്നിങ്ങനെ വീഡിയോയിൽ എഴുതിക്കാണിക്കുന്നു. ഒരോ എഴുത്ത് വരുമ്പോഴും ആ നിറവുമായി ബന്ധപ്പെട്ട അഫ്ഗാൻറെ ഭൂപ്രക‍ൃതിയാണ് വീഡിയോയിൽ കാണാൻ കഴിയുക.

തീർന്നില്ല, വീഡിയോയ്ക്ക് താഴെ വരുന്ന കമൻറുകൾക്ക് അതേ രീതിയിൽ മറുപടി പറയാനും താലിബാൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് തയ്യാറാണ്. അവിടെ നല്ല ഹണിമൂൺ സ്ഥലങ്ങളുണ്ടോ? എന്ന ഒരു വിരുതൻറെ ചോദ്യത്തിന് “തിർച്ചയായും മിസ്റ്റർ ബൂബ്. ഹണിമൂൺ ദമ്പതികൾക്ക് ഞങ്ങളുടെ ദുർഘടമായ പർവതങ്ങളിലൂടെ ട്രെക്കിംഗ് നടത്തുന്നതിന് ഞങ്ങൾക്ക് മികച്ച ഹൈക്കിംഗ് പാതകളുണ്ട്. യുദ്ധകാലത്ത് നമ്മുടെ പുരുഷ പോരാളികൾ ഉപയോഗിച്ച അതേ ട്രെക്കിംഗ് പാത.” എന്നായിരുന്നു മറുപടി. മറ്റ് ചില കുറിപ്പുകളോട് ‘മര്യാദയ്ക്ക് പെരുമാൻ’ അവശ്യപ്പെടാനും ‘ഇത്തരം കുറിപ്പുകൾ വച്ച് പൊറുപ്പിക്കില്ലെന്നും’ പറയാനും പിആർ വകുപ്പ് മടിക്കുന്നില്ല. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏതെങ്കിലും സർക്കാർ വെബ്സൈറ്റ് ഉണ്ടോ എന്ന് ചോദിച്ച ആളോട്, “ഞങ്ങൾ ഒരെണ്ണം നിർമ്മിക്കാൻ ശ്രമിക്കുകയാണ്. അത് തയ്യാറായാലുടൻ ഞങ്ങൾ അത് ഇവിടെ പ്രഖ്യാപിക്കും”. എന്നായിരുന്നു മറുപടി. വിനോദ സഞ്ചാരത്തിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഒരു സ്ത്രീ ചോദിച്ചപ്പോൾ “പ്രിയപ്പെട്ട സഹോദരി, വസ്ത്രങ്ങൾ പരമ്പരാഗതമായിരിക്കുന്നിടത്തോളം കാലം സ്ത്രീകൾക്ക് ഞങ്ങളുടെ പരുക്കൻ മലകളിൽ യാത്ര ചെയ്യാൻ അനുവാദമുണ്ട്.” എന്നായിരുന്നു മറുപടി. സാമ്പത്തിക പരാധീനതയിലുള്ള രാജ്യം വിനോദസഞ്ചാരത്തിലൂടെ വിദേശനാണ്യം നേടാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.