വിദേശികളോട് കടൽ വിഭവത്തിന് 83,000 രൂപ ഈടാക്കി; പിന്നാലെ ട്വിസ്റ്റ് !

Advertisement

സിം​ഗപ്പൂർ സിറ്റി: റെസ്റ്റോറൻറിൽ കടൽ വിഭവം കഴിക്കാനെത്തിയ വിദേശികളിൽ നിന്നും റെസ്റ്റോറൻറ് അമിത ചാർജ്ജ് ഈടാക്കിയെന്ന് പരാതി. ഓഗസ്റ്റ് 19 -ന് സിംഗപ്പൂരിലെ സീഫുഡ് പാരഡൈസ് റെസ്റ്റോറൻറിലാണ് സംഭവം.

ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ജപ്പാനീസ് വിനോദ സഞ്ചാരികളാണ് റസ്റ്റോറൻറിൻറെ ചൂഷണം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകിയത്. 50-കാരിയായ ജപ്പാനീസ് വനിത ജുങ്കോ ഷിൻബയ്ക്കുവിനും സംഘാംഗങ്ങൾക്കുമാണ് ഇത്തരത്തിൽ ഒരനുഭവം ഉണ്ടായത്. ഇവർ ഓർഡർ ചെയ്ത സീ ഫുഡ് വിഭവത്തിന് 1,000 ഡോളർ അതായത് ഏകദേശം 83,262 രൂപയാണ് റസ്റ്റോറൻറ് വിലയായി ഈടാക്കിയത്. ബില്ല് കണ്ട് അമ്പരന്ന് പോയ ഇവർ ഉടൻ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു.

റസ്റ്റോറൻറിലെ ഒരു വെയിറ്റർ ശുപാർശ ചെയ്തതനുസരിച്ച് ചില്ലി ക്രാബ് ഡിഷ് എന്ന വിഭവമാണ് ഇവർ പ്രധാനമായും ഓർഡർ ചെയ്തത്. സിംഗപ്പൂരിലെയും അയൽരാജ്യമായ മലേഷ്യയിലെയും ഏറെ പ്രശസ്തമായ ഒരു വിഭവമാണ് ഇത്. എന്നാൽ ബില്ല് വന്നപ്പോൾ അതിന് റസ്റ്റോറൻറ് ഈടാക്കിയ തുക കണ്ട് ജുങ്കോ ഷിൻബ അമ്പരന്നുവെന്ന് ഏഷ്യാവൺ റിപ്പോർട്ട് ചെയ്യുന്നു. 680 ഡോളർ ആയിരുന്നു ആ ഒരു വിഭവത്തിന് മാത്രമായി റസ്റ്റോറൻറ് ഈടാക്കിയത്. ഇത് 56,490 ഇന്ത്യൻ രൂപയോളം വരും.

ഈ കടൽ വിഭവം ഒരു അലാസ്കൻ കിംഗ് ക്രാബ് ഉപയോഗിച്ച് തയ്യാറാക്കിയതിനാലാണ് ഇത്രയും കൂടുതൽ വില എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് റസ്റ്റോറൻറ് അധികൃതർ പറഞ്ഞ വിശദീകരണം. കൂടാതെ ഇതിൻറെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യമേ തന്നെ ഉപഭോക്താവിന് നൽകിയിരുന്നുവെന്നും റസ്റ്റോറൻറ് ജീവനക്കാർ പറഞ്ഞു. എന്നാൽ, വെയിറ്റർ ഞണ്ടിൻറെ വില 30 ഡോളർ (ഏകദേശം 2,500 രൂപ) ആണെന്ന് തന്നോട് സൂചിപ്പിച്ചിരുന്നെങ്കിലും അത് 100 ഗ്രാമിൻറെതാണെന്ന് വ്യക്തമാക്കിയില്ലെന്നാണ് പരാതിക്കാരിയായ സ്ത്രീ പോലീസിനോട് പറഞ്ഞു.

എന്നാൽ, ഇവരുടെ വാദം തെറ്റാണെന്ന് റസ്റ്റോറൻറ് ഉടമ പോലീസിനോട് വിശദീകരിച്ചു. ഷിൻബ അടങ്ങുന്ന നാലംഗ സംഘത്തിന് മുൻപിൽ വിഭവം തയ്യാറാക്കുന്നതിന് മുൻപ് തന്നെ ഉപയോഗിക്കാൻ എടുക്കുന്ന ഞണ്ടിനെ പ്രദർശിപ്പിച്ചിരുന്നുവെന്നും അതിൻറെ അളവും വിലയും അവർ മുൻകൂട്ടി അറിഞ്ഞിരുന്നതാണെന്നും റസ്റ്റോറൻറ് ഉടമ പറയുന്നു. ഈ സംഘത്തിന് മാത്രമായി 3.5 കിലോഗ്രാം വരുന്ന ഞണ്ടിനെ ഉപയോഗിച്ചുവെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു. ഒടുവിൽ പൊലീസിൻറെ ഇടപെടലിനെ തുടർന്ന് റസ്റ്റോറൻറ് ബില്ലിൽ 7,000 രൂപയോളം ഇളവ് നൽകുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement