ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: 10 ഖാലിസ്ഥാൻവാദികളുടെ ചിത്രം പുറത്തു വിട്ട് എൻഐഎ

Advertisement

സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച 10 പേരുടെ ചിത്രങ്ങൾ പുറത്തു വിട്ട് എൻഐഎ. ഇവരെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ വിവരങ്ങൾ തങ്ങളുമാ‍യി പങ്കു വക്കണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്. മൂന്നു നോട്ടീസുകളിലായാണ് പത്തു പേരുടെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഇവരുടെ പേര്, ഫോൺ നമ്പർ, വിലാസം പാസ്പോർട്ട് വിശദാംശങ്ങൾ, പൗരത്വം എന്നീ വിവരങ്ങൾ ആണ് അവശ്യമുള്ളതെന്നും നോട്ടീസിലുണ്ട്. മാർച്ച് 18ന് രാത്രിയാണ് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ആക്രമണമുണ്ടായത്.

ഖാലിസ്ഥാൻ അനുകൂലികളായ ചിലർ കടന്നു കയറി കോൺസുലേറ്റിന് തീയിടാൻ ശ്രമിക്കുകയായിരുന്നു. അതേ ദിവസം തന്നെ ഖാലിസ്ഥാൻ വാദികൾ മുദ്രാവാക്യങ്ങളുമായി സുരക്ഷാ ബാരിക്കേഡുകൾ തകർക്കാനും ശ്രമിച്ചു. കോൺസുലേറ്റ് വളപ്പിൽ ഖാലിസ്ഥാൻ പതാക ഉ‍യർത്തുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. യുഎപിഎ പ്രകാരം ജൂൺ 16ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ഓഗസ്റ്റിൽ എൻഐഎ സംഘം സാൻഫ്രാൻസിസ്കോയിലെത്തിയിരുന്നു.

Advertisement