വാഷിംഗ്ടൺ : Aമറ്റൊരു പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ് അമേരിക്കയിൽ. വാദങ്ങളും പ്രതിവാദങ്ങളും അവകാശപ്രകടനങ്ങളുമൊക്കെയായി സജീവമാണ് തെരഞ്ഞെടുപ്പ് രംഗം. തെരഞ്ഞെടുപ്പ് കാലത്ത് പലപ്പോഴും സ്ഥാനാർത്ഥികളുടെ പല പരാമർശങ്ങളും വാർത്താകാറുണ്ട്.
ഇത്തരത്തിൽ നിരന്തരം വാർത്തകളിൽ ഇടം പിടിക്കുകയാണ് റിപബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. വിചിത്രമെന്ന് തോന്നാവുന്ന ഒരു പരാമർശവുമായാണ് വിവേക് രാമസ്വാമി ഇക്കുറി രംഗത്തെത്തിയിരിക്കുന്നത്. താൻ അധികാരത്തിൽ വന്നാൽ അമേരിക്കയിലെ നോൺ ഇമിഗ്രേഷൻ വീസ പ്രോഗ്രാമായ എച്ച് വൺ ബി നിർത്തലാക്കും എന്നാണ് വിവേക് പറയുന്നത്.
എച്ച് വൺ ബി വിസ അടിമത്തമാണെന്നാണ് വിവേക് ഈ പരാമർശത്തിന് നൽകുന്ന വിശദീകരണം. ഈ പ്രസ്താവനയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, അയിരക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിൽ എച്ച് വൺ ബി വിസയിൽ ജോലിചെയ്യുന്നത് എന്നതാണ്. എച്ച് വൺ ബി അവസാനിപ്പിച്ച് മെറിറ്റ് അടിസ്ഥാനത്തിലുള്ള പുതിയ വിസാ സമ്പ്രദായം കൊണ്ടുവരുമെന്നാണ് വിവേക് അവകാശപ്പെടുന്നത്.
ഇനി എന്താണ് എച്ച് വൺ ബി വിസ എന്ന് നോക്കിയാൽ, ഐ ടി അടക്കമുള്ള സാങ്കേതിക മേഖലകളിലേക്ക് വൈദേശികരെ നിയമിക്കാൻ അമേരിക്കൻ കമ്പനികൾക്ക് അനുവാദം നൽകുന്ന നോൺ ഇമിഗ്രന്റ് വിസയാണിത്. ഈ നോൺ ഇമിഗ്രന്റ് വിസാ രീതി പിന്തുടരുന്ന നിരവധി ജീവനക്കാരെയാണ് അമേരിക്കൻ കമ്പനികൾ റിക്രൂട്ട് ചെയ്യാറുള്ളത്. എച്ച് വൺ ബി വിസയുള്ളവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് നിയമവിധേയമായി അമേരിക്കയിൽ വന്ന് താമസിക്കാൻ എച്ച് 4 വിസ അനുമതി നൽകുന്നുമുണ്ട്. ജോലി ആവശ്യത്തിന് ഉപയോഗിക്കുന്ന താൽക്കാലിക വിസാ സംവിധാനമാണ് ഇത്. പ്രൊഫഷണൽ രംഗത്ത് അമേരിക്കൻ കമ്പനി ജോലി വാഗ്ദാനം ചെയ്തിട്ടുള്ള ആൾക്ക് എച്ച് വൺ ബി വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷകന് ബിരുദ വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. 1952 ലെ ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിന്റെ ഭാഗമായ എച്ച് വൺ വിസയെ പിൻപറ്റിയാണ് എച്ച് വൺ ബി വിസാ പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടത്.
ഇങ്ങനെ എച്ച് ടു ബി, എൽ വൺ, ജെ വൺ എന്നിങ്ങനെ പലവിധം വിസാ പ്രോഗ്രാമുകളുണ്ട് അമേരിക്കയിൽ. ഇത്തരത്തിൽ, പ്രതിവർഷം അമേരിക്ക 85,000 എച്ച് വൺ ബി വിസയാണ് നൽകുന്നത്. ഇതിൽ 65,000 റെഗുലർ വിസകളും ഐ ടി, ഫിനാൻസ്, എഞ്ചിനീയറിങ്, ആർക്കിടെക്ചർ തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകൾക്കാണ് നൽകുന്നത്. ബാക്കി 20,000 വിസകൾ യു എസിലെ സർവകലാശാലകളിൽ നിന്ന് ബിരുദമോ അതിന് മുകളിൽ ഉന്നത വിദ്യാഭ്യസമോ പൂർത്തിയായവർക്കായി മാറ്റിവെച്ചിട്ടുള്ളതുമാണ്. എല്ലാ സാമ്പത്തിക വർഷത്തിലും ഈ ലിമിറ്റ് പുതുക്കാറുണ്ട്. എച്ച് വൺ ബി വിസയിൽ 70 ശതമാനവും സ്വന്തമാക്കുന്നത് ഇന്ത്യക്കാരാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ വിവേക് രാമസ്വാമിയുടെ ഈ പുറത്താക്കൽ പ്രസ്താവനയെ അമേരിക്കൻ ടെക് മേഖലയും ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
ഇതിൽ ഏറെ കൗതുകകരമായ ഒരു കാര്യം, ഈ പറയുന്ന വിവേക് രാമസ്വാമി 2018 മുതൽ ഈ വർഷം വരെ ഈ വിസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട് എന്നതാണ്. വിവേകിന്റെ കമ്പനിയായിരുന്ന റോവന്റ് സയൻസസ് 29 തവണ എച്ച് വൺ ബി വിസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട്. 2021 ൽ വിവേക് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനം ഒഴിഞ്ഞെങ്കിലും ഈ ഫെബ്രുവരി വരെ കമ്പനിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷനായിരുന്നു.
നേരത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തരം വിസകൾ നിർത്തിവെക്കുന്നതായി ഉത്തരവിട്ടിരുന്നു. ട്രംപിന്റെ ഭരണം ഏറെക്കുറെ അവസാനിക്കാറായ കാലത്തുണ്ടായ ഈ ഉത്തരവ് വലിയ വിവാദങ്ങളിലേക്കാണ് വഴിവെച്ചത്. തുടർന്ന് ജോ ബൈഡൻ അധികാരത്തിലേറിയതിന് പിന്നാലെ ഇത്തരം വീണ്ടും നൽകാൻ അനുവദിക്കുകയായിരുന്നു. ഈ വിസകൾ റദ്ദാക്കുമെന്നാണ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ വിവേക് രാമസ്വാമി പറയുന്നത്.
പാലക്കാടുനിന്നും അമ്പത് വർഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾ. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ബിരുദം. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ് ഇദ്ദേഹം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വ മോഹത്തെക്കുറിച്ച് വിവേക് ആദ്യമായി മനസുതുറന്നത്. അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും സ്വത്വം തിരിച്ചുപിടിക്കാൻ താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. പിന്നീടങ്ങോട്ട് തെരഞ്ഞെടുപ്പ് കളം പിടിക്കാനുള്ള തന്ത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് വിവേക്. നിരവധി പുതിയ അടവുകളും തന്ത്രങ്ങളുമായാണ് വിവേക് ഗോദയിലേക്കിറങ്ങിയത്. ആദ്യഘട്ടങ്ങളിൽ ഏറെ പിന്നിലായിരുന്ന ഇദ്ദേഹം രണ്ടാം സ്ഥാനത്തുള്ള ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസുമായി നേരിട്ട് പോരാടുന്നതിലേക്ക് എത്തിയതിനെ അത്ഭുതത്തോടെയാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് രംഗം നോക്കിയത്. മാധ്യമങ്ങൾക്ക് തുടർച്ചയായി അഭിമുഖം നൽകി നിരന്തരം ലൈവായി നിൽക്കുക, സ്വന്തം പോഡ്കാസ്റ്റിലൂടെ പ്രചാരണ രംഗം കൊഴുപ്പിക്കുക, പോഡ്കാസ്റ്റിലേക്ക് മാധ്യമപ്രവർത്തകരെ അതിഥികളായി ക്ഷണിക്കുക, റിപബ്ലിക്കൻമാർ കടക്ക് പുറത്തെന്ന് പറഞ്ഞ ചാനലുകളിലടക്കം എത്തുക, പൊതുവ റിപബ്ലിക്കൻ ആശയത്തോട് വിമുഖത കാണിക്കുന്നവരോടും സംസാരിക്കുക തുടങ്ങി അൽപമൊന്ന് വെറൈറ്റിയായിട്ടാണ് വിവേക് രാമസ്വാമിയുടെ പി ആർ പരിപാടികൾ. അത് അദ്ദേഹത്തിന് ഗുണകരമായെന്ന് തന്നെയാണ് മാധ്യമങ്ങളിൽ നിരന്തര സാന്നിധ്യമാവുന്നതിൽനിന്നും വ്യക്തമാവുന്നതും. അമേരിക്കയുടെ ആത്മാവിനെ തിരികെ പിടിക്കാനാണ് മത്സരിക്കുന്നത് എന്നാണ് വിവേക് രാമസ്വാമി പലഘട്ടങ്ങളിലാണ് അവകാശപ്പെട്ടിട്ടുള്ളത്. നിരവധി വിവാദ പരാമർശങ്ങളും പ്രതികരണങ്ങളും വിവേകിന്റെ വകയായി ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. എൽജിബിടിക്യു വിരുദ്ധ പരാമർശങ്ങൾ, എഫ്ബിഐ പോലുള്ള ഫെഡറൽ സംവിധാനങ്ങളിലെ പിരിച്ചുവിടൽ പരാമർശങ്ങൾ, അമേരിക്കയിലെ വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ വിവാദങ്ങൾക്ക് വഴിവെച്ചു.
റിപബ്ലിക്കൻ സ്ഥാനാർത്ഥി പട്ടികയിലുള്ളവരിൽ ഇലോൺ മസ്‌കിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൂടിയാണ് വിവേക് രാമസ്വാമി. തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാൽ മസ്‌കിനെ ഉപദേശകാനാക്കുമെന്നുപോലും ഒരുഘട്ടത്തിൽ വിവേക് പറഞ്ഞിരുന്നു. എക്‌സിന്റെ നടത്തിപ്പ് മാതൃകാപരമാണെന്നും ട്വിറ്ററിന്റെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട നടപടി അഭിനന്ദാർഹമാണെന്നും വിവേക് പറഞ്ഞിരുന്നു. ഈ മികവാണ് ഭരണത്തിൽ തനിക്കാവശ്യമെന്നും സർക്കാരുണ്ടാക്കി കഴിഞ്ഞാൽ ഇമ്മിണി വലിയ എക്‌സ് താൻ കൊണ്ടുവരുമെന്നുമാണ് വിവേക് തുടർന്നങ്ങോട്ട് പറഞ്ഞുവച്ചത്.
2024 നവംബറിലാണ് അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്. ജനുവരിയിലെ പാർട്ടി പ്രൈമറി വോട്ടെടുപ്പിൽ ജയിക്കുന്നയാളാകും റിപബ്ലിക്കൻ സ്ഥാനാർത്ഥി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യു എന്നിലെ അമേരിക്കൻ അംബാസിഡറായിരുന്ന ഇന്ത്യൻ വംശജയായ നിക്കി ഹേലി, ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് എന്നിവരാണ് റിപബ്ലിക്കൻ സ്ഥാനാർത്ഥി നിർണയത്തിൽ വിവേകിന് മുന്നിൽ വെല്ലുവിളിയായിട്ടുള്ളത്. ട്രംപാണ് മത്സരിക്കുന്നതെങ്കിൽ അദ്ദേഹത്തിന് കീഴിൽ വൈസ് പ്രസിഡന്റായി മത്സരിക്കാനും തയ്യാറാണെന്ന് വിവേക് നേരത്തെ അറിയിച്ചിരുന്നു. അധികാരത്തിലെത്തിയാൽ ക്രിമിനൽ കേസുകളിൽ ട്രംപിന് മാപ്പ് നൽകും എന്നുമുണ്ടായിരുന്നു പ്രഖ്യാപനം. വിവേക് രാമസ്വാമിയുടെ സ്ഥാനാർത്ഥിത്വ താൽപര്യങ്ങളോട് ഇന്ത്യൻ വംശജരായ അമേരിക്കൻ വോട്ടർമാർ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ട്രംപ് അനുകൂലികൾ ഏറെയുള്ള ഈ വോട്ടർമാരിൽ അനുകൂല തരംഗമുണ്ടാക്കാൻ വിവേക് രാമസ്വാമിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.