കുട്ടികളെ തട്ടിക്കൊണ്ട് ഈന്തപ്പന മുകളിലേക്ക് കയറുന്ന ‘വെവെ ഗോംബെൽ’; ഇന്ത്യോനേഷ്യയിലെ ചില അന്ധവിശ്വാസങ്ങൾ!

Advertisement

ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ഒരു കവിതയാണ് ‘പൂതപ്പാട്ട്’. മകനെ കടത്തിക്കൊണ്ട് പോയ പൂതത്തെ മാതൃസ്നേഹം കൊണ്ട് കീഴടക്കുന്ന ഒരു അമ്മയുടെ കഥയാണ് ആ കവിതയിൽ അദ്ദേഹം ചിത്രീകരിച്ചിരുന്നത്.

വടക്കേ മലബാർ (വള്ളുവനാട്) പ്രദേശങ്ങളിൽ കണ്ടുവരുന്ന പൂതൻ എന്ന നാടോടി കലാരൂപവും അതിൻറെ മിത്തുമാണ് അദ്ദേഹത്തിൻറെ കവിതക്ക് ആധാരം. കേരളത്തിലെ പല തലമുറകൾ ആ കവിത സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. സമാനമായ ഒരു പൂതത്തിൻറെ കഥ ഇന്ത്യോനേഷ്യയിലും ഉണ്ട്. അതാണ് വെവെ ഗോംബെൽ. പക്ഷേ കേരളത്തിലെ പൂത വിശ്വാസം പോലെയല്ല ഇന്ത്യോനേഷ്യയിലെ വെവെ ഗോംബെൽ. അതിന് അല്പം കൂടി വീര്യം കൂടും. ആ കഥയെ കുറിച്ചാണ്.

വിശ്വാസങ്ങൾക്കും മിത്തിനും അസ്ഥിത്വമുണ്ടോയെന്നത് ലോകമെങ്ങും ഇന്നും നിലനിൽക്കുന്ന ഒരു തർക്ക വിഷയമാണ്. ആദിമ കാലം മുതൽ മനുഷ്യൻ തൻറെ കാഴ്ചയിൽ നിന്നും അനുഭവത്തിൽ രൂപപ്പെടുത്തിയവാണ് പിന്നീട് വിശ്വാസമായും മിത്തായും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാൽ, ഇത്തരം വിശ്വാസങ്ങൾക്കും മിത്തുകൾക്കും ശാസ്ത്രത്തിൻറെ പിൻബലം ഒരിക്കലും ലഭിച്ചിരുന്നില്ലെന്നതും ശ്രദ്ധേയം. ഈ വിശ്വാസധാരയിൽ ഏറെ പ്രധാനപ്പെട്ടതാണ് മരിച്ചവരുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ. ലോകമെങ്ങുമുള്ള മനുഷ്യ സമൂഹങ്ങളിൽ അതീന്ദ്രിയ ശക്തികളുമായുള്ള ഏറ്റുമുട്ടലിൻറെ യഥാർത്ഥ ജീവിതാനുഭവങ്ങൾ വിവരിച്ച നിരവധി ആളുകൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകതരം ആത്മാക്കളെയും ശക്തികളെയും കുറിച്ച് പ്രതിപാദിക്കുന്ന പുരാണങ്ങളും ഐതിഹ്യങ്ങളും പല സമൂഹങ്ങളിലും ഇന്നും നിലനിൽക്കുന്നു. ഇവ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇത്തരം കഥകളിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ അസ്വസ്ഥതയുളവാക്കുന്ന ആത്മാക്കളുടെ കെട്ടുകഥകൾ ഇന്തോനേഷ്യയിൽ നിന്നുള്ളവയാണ്.

കുന്തിലാനാക്ക്, പോണ്ടിയാക്, പോക്കോങ് എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ പുറത്തുവരുന്ന സ്ത്രീകളുടെ പ്രതികാരഭാവമാണ് അവയിൽ കൂടുതലും. ഇന്തോനേഷ്യൻ പുരാണത്തിലെ ഏറ്റവും സാധാരണമായ പ്രേതമാണ് കുന്തിലനാക്ക്, എന്നാൽ രസകരവും വിചിത്രവുമായ ഒരു പ്രേതമാണ് വെവെ ഗോംബെൽ. ഏകദേശം അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് സെമാരംഗിലെ ബുക്കിറ്റ് ഗോംബലിൽ വിവാഹിതരായ ദമ്പതികൾ ഉൾപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ട പ്രേതമാണ് വെവെ ഗോംബെൽ. വിവാഹം കഴിഞ്ഞ് വർഷങ്ങളോളം ദമ്പതികൾക്ക് കുട്ടി ഉണ്ടായില്ലെന്നാണ് ഐതിഹ്യം. കാലക്രമേണ, ഭാര്യ വന്ധ്യയാണെന്ന് മനസ്സിലാക്കിയ ഭർത്താവ് അവളോടുള്ള സ്നേഹ ബന്ധം നിർത്തി. ഭർത്താവ് മനപ്പൂർവ്വം വീട്ടിൽ നിന്ന് മാറിനിൽക്കുകയാണെന്ന് മനസിലാക്കിയ ഭാര്യ. അദ്ദേഹത്തിന് മറ്റ് സ്ത്രീകളോട് അടുപ്പമാണെന്ന് തെറ്റിദ്ധരിച്ചു. പിന്നാലെ ഭാര്യ, ഭർത്താവിനെ കൊലപ്പെടുത്തി. കൊലപാതകം അറിഞ്ഞ ഗ്രാമവാസികൾ അവരെ പിന്തുടർന്നു. ഗത്യന്തരമില്ലാതെ അവർ ആത്മഹത്യ ചെയ്തു.

മരണാനന്തരം പ്രതികാരദാഹിയായ വെവെ ഗോംബെൽ ആയി അവർ പുനർജനിച്ചു. വെവെ ഗോംബെൽ, അരംഗ പിന്നാറ്റ എന്ന ഈന്തപ്പനയിലാണ് വസിക്കുന്നതെന്നാണ് സുന്ദനീസ് ഐതിഹ്യം. വെവെ ഗോംബെലിൻറെ പ്രധാന ഇരകൾ കുട്ടികളാണ്. കുട്ടികളെ തട്ടിയെടുത്ത് അരംഗ പിന്നാറ്റയിലാണ് അവൾ സൂക്ഷിച്ചിരുന്നത്. മാതാപിതാക്കളിൽ നിന്ന് മോശമായ പെരുമാറ്റം നേരിടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന കുട്ടികളെയാണ് വെവെ ഗോംബെൽ തട്ടിക്കൊണ്ട് പോകുന്നതെന്ന് പ്രാദേശിക വിശ്വാസങ്ങൾ പറയുന്നു. പൂതപ്പാട്ടിലെ പൂതവുമായി ഇവിടെ വെവെ ഗോംബെലിന് ഏറെ സാമ്യം കാണാം. വെവെ ഗോംബെൽ കുട്ടികളെ ഉപദ്രവിക്കില്ലത്രേ. നീളമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ സ്തനങ്ങളുള്ള വികലമായ നഗ്നയായ സ്ത്രീയായാണ് വെവെ ഗോംബെൽ. 1988-ലെ വെവെ ഗോംബെൽ എന്ന സിനിമയിലും 2012-ൽ പുറത്തിറങ്ങിയ ലെജൻഡ വെവെ ഗോംബെൽ എന്ന ചിത്രത്തിലും ഈ പൂതത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നും ഈ പ്രേതത്തെ കുറിച്ചുള്ള വിശ്വാസങ്ങൾക്കും കഥകൾക്കും കുറവില്ല. ഇന്തോനേഷ്യയിലെ പല യഥാർത്ഥ കേസുകൾ പോലും ഇന്നും ഗോംബെൽ വിശ്വാസവുമായി പ്രാദേശകവാസികൾ കൂട്ടിച്ചേർക്കുന്നു. 2017 ൽ ഒരു കുട്ടിയെ കാണാതാവുകയും ഒരു ദിവസത്തിന് ശേഷം കണ്ടെത്തുകയും ചെയ്തു. പക്ഷേ, കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന ഓർമ്മ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഈ സംഭവം വെവെ ഗോംബെല്ലിൻറെ പ്രവർത്തിയാണെന്ന് ഇന്നും നിരവധി ഇന്ത്യോനേഷ്യക്കാർ കരുതുന്നുവെന്നതാണ് കൗതുകം.

Advertisement