ബാങ്ക് വായ്പ, നൈറ്റ് ക്ലബ്, നീന്തൽകുളം; കുറ്റവാളി സംഘം നിയന്ത്രിച്ചിരുന്ന ജയിൽ തിരിച്ച് പിടിച്ച് വെനസ്വേല!

Advertisement

ട്രെൻ ഡി അരാഗ്വ (Tren de Aragua) എന്ന കൊടുംകുറ്റവാളി സംഘത്തിൻറെ നിയന്ത്രണത്തിലായിരുന്ന അരഗ്വ സംസ്ഥാനത്തെ ടോക്കോറോൺ (Tocoron prison) എന്ന കുപ്രസിദ്ധ ജയിലിൻറെ നിയന്ത്രണം തിരിച്ചുപിടിച്ചതായി വെനസ്വേലൻ സർക്കാർ അവകാശപ്പെട്ടു. വർഷങ്ങളായി തടവുകാർ നിയന്ത്രിച്ചിരുന്ന ടോക്കോറോൺ ജയിലിലേക്ക് 11,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചായിരുന്നു ജയിലിൻറെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തത്.

അത്യാധുനിക സജ്ജീകരണങ്ങൾ ജയിലിലുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നീന്തൽകുളം, നിശാക്ലബ്, താമസത്തിന് ഹോട്ടൽ സൗകര്യങ്ങളുള്ള മുറികൾ, എന്തിന് ഒരു ചെറിയ മൃഗശാല പോലും ജയിലിനുള്ളിൽ സജ്ജീകരിച്ചിരുന്നു. ഇത്രയേറെ സൗകര്യങ്ങളുള്ള ജയിലിൽ തടവുകാർ പൂർണ്ണ സ്വതന്ത്രരായിരുന്നു. ജയിൽ പൂർണ്ണമായി ഒഴിപ്പിച്ച് സർക്കാറിൻറെ കീഴിലാക്കുമെന്ന് വെനിസ്വേലൻ ആഭ്യന്തരമന്ത്രി പറഞ്ഞു. ടോക്കോറോൺ ജയിൽ ഒഴിപ്പിക്കുന്നതിനിടെ കുറ്റവാളികളോടൊപ്പം അവരുടെ പങ്കാളികളികളെയും ബന്ധുക്കളെയും ജയിൽ നിന്നും ഒഴിപ്പിച്ചു. കുറ്റവാളികളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ട്രെൻ ഡി അരാഗ്വ തലവൻ ഹെക്ടർ ഗുറേറോ ഫ്ലോറസ് ഒളിവിൽ പോയവരിൽ ഉൾപ്പെടുമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രസിഡൻറ് നിക്കോളാസ് മഡുറോയുടെ സർക്കാർ ജയിലിൽ ‘നിയമം പുനഃസ്ഥാപിച്ചതിന്’ സുരക്ഷാ സേനയെ അഭിനന്ദിച്ചു. മാത്രമല്ല, ‘വേഗത്തിലും വൃത്തിയിലും പണി ചെയ്തതിന്” അവരെ പ്രശംസിച്ചു. ഒപ്പം ഓപ്പറേഷൻറെ “രണ്ടാം ഘട്ടം” ആരംഭിച്ചെന്നും ഇതിൽ ‘രക്ഷപ്പെട്ട എല്ലാ കുറ്റവാളികളെയും പിടികൂടും’ എന്നും സർക്കാർ അറിയിച്ചു. ഒളിവിൽ പോയ ഹെക്ടർ ഗുറേറോ ഫ്ലോറസ് കൊലപാതകത്തിനും മയക്കുമരുന്ന് കടത്തിനും 17 വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു. ജയിലിനുള്ളിൽ അതിശക്തനായ ഇയാൾ, മുഴുവൻ സമയ തടവുകാരനാകുന്നതിന് മുമ്പ് ജയിലിൽ നിന്ന് സ്വതന്ത്രമായി പുറത്തേക്ക് വന്ന് പോകാറുണ്ടായിരുന്നുവെന്ന് ജയിൽ അവകാശ ഗ്രൂപ്പായ എ വിൻഡോ ടു ഫ്രീഡത്തിൻറെ കോ-ഓർഡിനേറ്റർ കാർലോസ് നീറ്റോ പറയുന്നു. സുരക്ഷാ നടപടിക്കിടെ എത്ര തടവുകാർ രക്ഷപ്പെട്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചില്ല.

വെനസ്വേലയിലെ ഏറ്റവും ശക്തമായ രാജ്യാന്തര കുറ്റവാളി സംഘമായ ട്രെൻ ഡി അരാഗ്വയുടെ ആസ്ഥാനമായിരുന്നു ടോക്കോറോൺ ജയിൽ. തെക്കൻ അമേരിക്കയിലെ വടക്കൻ രാജ്യമായ വെനിസ്വേല മുതൽ തെക്ക് പടിഞ്ഞാറൻ രാജ്യമായ ചിലി വരെയുള്ള രാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ ട്രെൻ ഡി അരാഗ്വ സംഘം നിയന്ത്രിച്ചിരുന്നത് ഈ ജയിലിൽ ഇരുന്നു കൊണ്ടായിരുന്നു. സംഘത്തിൻറെ പ്രധാന പ്രവർത്തനം കൊലപാതകവും മയക്കുമരുന്ന് കടത്തും മനുഷ്യക്കടത്തും വേശ്യാവൃത്തി കേന്ദ്രങ്ങളും കുടിയേറ്റക്കാരെ കൊള്ളയടിക്കുകയുമായിരുന്നു. ഇങ്ങനെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ടോക്കോറോൺ ജയിലിനുള്ളിൽ നീന്തൽകുളവും ഒട്ടകപ്പക്ഷികളും അരയന്നങ്ങളും അടക്കമുള്ള ഒരു ചെറിയ മൃഗശാലയും അവർ സജ്ജീകരിച്ചത്.

കുറ്റവാളികളായ അന്തേവാസികൾക്ക് കുതിരപ്പന്തയത്തിൽ പന്തയം വെയ്ക്കാം. കുറ്റവാളി സംഘങ്ങൾ നടത്തുന്ന താൽക്കാലിക ബാങ്കിൽ നിന്നും വായ്പകൾ എടുക്കാം. ടോക്കിയോ എന്ന് വിളിക്കപ്പെടുന്ന നിശാക്ലബിൽ രാത്രി നൃത്തം ചെയ്യാം സൂപ്പർമാർക്കറ്റ്, കാസിനോ തുടങ്ങിയ സൗകര്യങ്ങളും ട്രെൻ ഡി അരാഗ്വ സംഘം ജയിലിൽ ഒരുക്കിയിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിൽ വീണ് കിടക്കുമ്പോഴും ഭക്ഷണത്തിനും പെട്രോളിനും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും ജനം തെരുവിൽ നെട്ടോട്ടമോടി മടുക്കുമ്പോൾ, മറ്റെവിടെയും ലഭിക്കാത്ത അവശ്യവസ്തുക്കൾ വാങ്ങാൻ തദ്ദേശീയർ ടോകോറോണിലേക്ക് പോയിരുന്നെന്ന് ഒരു പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. തടവുകാരെ മാറ്റിപ്പാർപ്പിക്കുന്നതിനിടെ സുരക്ഷാ ഗാർഡുകൾ മോട്ടോർ സൈക്കിളുകളും ടെലിവിഷനുകളും മൈക്രോവേവുകളും ജയിലിൽ നിന്ന് കൊണ്ടുപോകുന്നത് കണ്ടതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ജയിലിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ ഗ്രനൈഡുകളും യന്ത്രവത്കൃത തോക്കുകളും വെടിയുണ്ടകൾ അടക്കമുള്ള ലോഡ് കണക്കിന് ആയുധങ്ങളുടെ ചിത്രങ്ങൾ ഗെറ്റി പുറത്തു വിട്ടു. നടപടിയുടെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും കവചിത വാഹനത്തിൻറെ ഡോറിൽ തലയിടിച്ച് ഒരു മേജർ മരിച്ചതായി സൈന്യം അറിയിച്ചു.

Advertisement