ദേശീയ ദിനം നാളെ; ആഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ

Advertisement

റിയാദ്: 93-ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി സൗദി അറേബ്യ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സൗദിയുടെ ഏകീകരണം പൂര്‍ത്തിയാക്കിയതിന്റ ഓര്‍മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.

ഒരാഴ്ച മുമ്പ് തന്നെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് സൗദിയില്‍ തുടക്കമായിരുന്നു. ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും തിളങ്ങുകയാണ് സൗദി. വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികളും പരോഗമിക്കുന്നു.13 നഗരങ്ങളിലായി ആകാശ വിസ്മയം ഒരുക്കുന്ന സൗദി റോയല്‍ ആര്‍മിയുടെ എയര്‍ഷോ ആണ് ഇതില്‍ പ്രധാനം.

നാവിക സേനയുടെ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകള്‍ അണിനിരത്തിയുളള നാവിക പ്രദര്‍ശനവും പൊതുജനങ്ങള്‍ക്ക് വേറിട്ട കാഴ്ചാനുഭവമാണ് സമ്മാനിക്കും. ദേശീയ ദിനമായ നാളെ രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഭരണകര്‍ത്താക്കളും ആഘോഷ പരിപാടികളുടെ ഭാഗമാകും. വിവിധ കേന്ദ്രങ്ങളില്‍ സൈനിക പരേഡും അരങ്ങേറും. വ്യത്യസ്തമാര്‍ന്ന വിനോദ പരിപാടികളും സംഘടിപ്പിക്കും. ‘ഞങ്ങള്‍ സ്വപ്‌നം കാണുന്നു, നേടുന്നു’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുളള തിരക്ക് കണക്കിലെടുത്ത് ദുബായ് ആസ്ഥാനമായുളള എമിറേറ്റ്‌സ് എയര്‍ലൈന്‍ റിയാദിലേക്ക് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിച്ചു. യാത്രക്കാര്‍ക്ക് ആഘോഷങ്ങളും അവധി ദിവസങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ച വരെ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

Advertisement