തെരുവ് നായ്ക്കളെ ദത്തെടുക്കാൻ പള്ളി വാതിൽ തുറന്ന് കൊടുത്ത് പുരോഹിതൻ

Advertisement

കുറച്ചേറെ കാലമായി കേരളത്തിൽ തെരുവ് നായ ശല്യം കൂടുതലാണെന്ന പരാതി ഉയർന്ന് തുടങ്ങിയിട്ട്. ഇടയ്ക്ക് തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെ തെരുവ് നായ്ക്കളെ കൊല്ലണമെന്നും അതല്ല, നായ്ക്കളുടെ വംശവർദ്ധന തടഞ്ഞാൽ മതിയെന്നുമുള്ള വാദങ്ങളുമായി നിരവധി ആളുകൾ രംഗത്തെത്തി. അതേ സമയം അങ്ങ് ബ്രസീലിലെ കരുവാരു രൂപതയിലെ പുരോഹിതനായ ഫാദർ ജോവോ പോളോ അറൗജോ ഗോമസ് തെരുവ് നായകൾക്ക് വേണ്ടി തൻറെ പള്ളിയുടെ വാതിലുകൾ മലർക്കെ തുറക്കുകയാണ്.

പള്ളിയിലെ പ്രർത്ഥനയ്ക്കിടയിൽ ഫാദർ ജോവോ പോളോ അറൗജോ ഗോമസിന് സമീപത്തായി ഒരു നായ നിൽക്കുന്ന ചിത്രം എക്സിൽ പങ്കുവയ്ക്കപ്പെട്ടതോടെയാണ് അദ്ദേഹം ലോക പ്രശസ്തനായത്. B&S എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ചിത്രം ഇതിനകം ആറ് ലക്ഷത്തിലേറെ ആളുകൾ കണ്ടു കഴിഞ്ഞു. ചിത്രം പങ്കുവച്ച് കൊണ്ട് B&S ഇങ്ങനെ കുറിച്ചു, ‘കരുവാരു രൂപതയിൽ നിന്നുള്ള ബ്രസീലിയൻ പുരോഹിതൻ ജോവോ പോളോ അറൗജോ ഗോമസ്, ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ തെരുവിൽ നിന്ന് എടുത്ത് ഭക്ഷണം കൊടുക്കുകയും കുളിപ്പിക്കുകയും തുടർന്ന് ഓരോ സംഘത്തിനും ഒരു നായയെ ദത്തെടുക്കാൻ സമർപ്പിക്കുകയും ചെയ്യുന്നു. ഡസൻ കണക്കിന് തെരുവ് നായ്ക്കൾക്ക് വൈദികൻറെ അനുഗ്രഹത്താൽ ഇതിനകം വീടുണ്ട്.’

പള്ളിയിലെ ഓരോ പ്രാർത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷവും താൻ രക്ഷിച്ച ഏതെങ്കിലും ഒരു നായയെ ദത്തെടുക്കാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെടാറുണ്ട്. മാത്രമല്ല, മാത്രമല്ല, തന്നോടൊപ്പമുള്ള നായ്ക്കളെ കുർബാനയിൽ പങ്കെടുക്കാനും അദ്ദേഹം അനുവദിക്കുന്നു. പൗരോഹിത്യം ഏറ്റെടുത്ത 2013 മുതൽ അദ്ദേഹം ഇത്തരത്തിൽ തെരുവ് നായ്ക്കളെ സംരക്ഷിക്കുകയും അവയെ ദത്തെടുക്കാൻ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. “എല്ലാ മൃഗങ്ങളെയും സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ, ഞങ്ങൾ നിരവധി പരിമിതികളോടെയാണ് പ്രവർത്തിക്കുന്നത്. ഞാൻ ചെയ്യുന്നതെല്ലാം എന്നെ സഹായിക്കുന്ന വോളണ്ടിയർമാരെയും സന്നദ്ധപ്രവർത്തകരെയും ആശ്രയിച്ചിരിക്കുന്നു, അതിനാൽ ഇത് എൻറെ യോഗ്യതയല്ല, ആ ആളുകൾക്കുള്ളതാണ്.” 2019 -ൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എക്സിൽ പോസ്റ്റ് വൈറലായതിന് പിന്നാലെ ലോകമെങ്ങുനിന്നുമുള്ള നിരവധി വിശ്വാസികളാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. “ഈ പുരോഹിതൻ കാണിക്കുന്നതാണ് യഥാർത്ഥ ക്രിസ്തുമതം. അതെൻറെ ഹൃദയത്തെ കുളിർപ്പിക്കുന്നു. നമുക്കെല്ലാവർക്കും അവനിൽ നിന്ന് ഒരു പാഠം പഠിക്കാം.” ഒരു എക്സ് ഉപയോക്താവ് എഴുതി.

https://x.com/_B___S/status/1704821646635188725?s=20
Advertisement