ഹാങ്ചൗ: 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പട്ടികയില്‍ ചൈന കുതിപ്പ് തുടരുകയാണ്. ആദ്യം നിര്‍ണയിക്കപ്പെട്ട ആറിനങ്ങളിലും ആതിഥേയര്‍ക്കാണ് സ്വര്‍ണം. ഷൂട്ടിംഗില്‍ ലഭിച്ച വെള്ളി മെഡലോടെ ഇന്ത്യയും മെഡല്‍ വേട്ട തുടങ്ങി. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ രമിത, മെഹൂലി ഘോഷ്, ആഷി ചൗക്സി എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ആതിഥേയരായ ചൈനക്കാണ് സ്വര്‍ണം, മംഗോളിയ വെങ്കലം കരസ്ഥമാക്കി. രമിതയും മെഹൂലിയും വ്യക്തിഗത ഇനത്തില്‍ ഫൈനലിലേക്ക് മുന്നേറി. ചൈനയുടെ ഹാന്‍ ജിയായു ഏഷ്യന്‍ റെക്കോര്‍ഡോടെ ഫൈനലിലുണ്ട്. രമിതയാണ് രണ്ടാം സ്ഥാനത്ത്.
തുഴച്ചിലിന്റെ ലെയ്റ്റ് വെയ്റ്റ് ഡബ്ള്‍ സ്‌കള്‍സില്‍ അര്‍ജുന്‍ ലാല്‍ ജാടും അരവിന്ദ് സിംഗും രണ്ടാമത്തെ മെഡല്‍ നേടി. ചൈനീസ് ജോഡിക്കു പിന്നില്‍ ഇരുവരും വെള്ളിയാണ് സ്വന്തമാക്കിയത്. ഉസ്ബെക്കിസ്ഥാനാണ് വെങ്കലം.