തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു യുകെയിലേക്കു നേരിട്ടു പറക്കാം. ഇൻഡിഗോയും ബ്രിട്ടിഷ് എയർലൈൻസും തമ്മിൽ കോഡ് ഷെയറിങ് കരാർ ഒപ്പുവച്ചതോടെയാണ് ഒറ്റ ടിക്കറ്റിൽ തിരുവനന്തപുരത്തു നിന്നു ലണ്ടനിലെ ഹീത്രോ വിമാനത്താവളം വരെ യാത്ര ചെയ്യാൻ കഴിയുന്ന പ്രതിദിന സർവീസ് പ്രഖ്യാപിച്ചത്.
മുംബൈ വഴിയാണ് സർവീസ് നടത്തുന്നത്. അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സർവീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി കൊച്ചി – ഹീത്രോ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.
തങ്ങൾ സർവീസ് നടത്താത്ത റൂട്ടിലേക്കു വിമാനക്കമ്പനികൾ അവിടെ സർവീസ് നടത്തുന്ന മറ്റു കമ്പനികളുമായി ചേർന്നു യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതാണ് കോഡ് ഷെയറിങ് കരാർ. തിരുവനന്തപുരത്തു നിന്നു നിലവിൽ യുകെയിൽ പോകണമെങ്കിൽ മുംബൈ, ഡൽഹി തുടങ്ങിയ മറ്റു പ്രധാന വിമാനത്താവളത്തിലോ ദുബായ് തുടങ്ങിയ വിദേശ വിമാനത്താവളങ്ങളിലോ ഇറങ്ങി വേറെ വിമാനത്തിൽ മറ്റൊരു ടിക്കറ്റിലാണ് പോകേണ്ടത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഭ്യന്തര സർവീസുകളുള്ള ഇൻഡിഗോയും ബ്രിട്ടിഷ് എയർവേയ്സും കൈകൊടുക്കുന്നതോടെ യൂറോപ്പിലേക്കു കൂടുതൽ യാത്രാ സൗകര്യമുണ്ടാകും.തിരുവനന്തപുരത്തു നിന്നു നേരിട്ട് ഹീത്രോ വിമാനത്താവളത്തിലേക്കും തിരിച്ചും ടിക്കറ്റെടുക്കാം. ഈ ടിക്കറ്റ് ഉപയോഗിച്ചു തന്നെ തിരുവനന്തപുരത്തു നിന്ന് ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്കും അവിടെ നിന്നു ബ്രിട്ടിഷ് എയർവേയ്സ് വിമാനത്തിൽ ഹീത്രോവിലേക്കും യാത്ര ചെയ്യാം. ലണ്ടനിൽ നിന്നു തിരുവനന്തപുരത്തേക്കും ഇതേ രീതിയിലാകും യാത്ര ക്രമീകരിക്കുക.