രണ്ട് പെരുമ്പാമ്പുകൾ, ഒന്നിന്റെ കടിയേറ്റിട്ടും അടുത്തതിനെയും പിടികൂടുന്ന യുവാവ്, വൈറലായി വീഡിയോ

Advertisement

പാമ്പുകളെ പേടിയില്ലാത്ത മനുഷ്യർ വളരെ ചുരുക്കമായിരിക്കും. അതിൽ മൃ​ഗസംരക്ഷകരും പെടുന്നു. അങ്ങനെ ഒരാളാണ് മുരാരി ലാൽ. ഇപ്പോൾ വൈറലാവുന്നത് മുരാരി ലാൽ രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയതാണ്. പ്രദേശത്തെ ഒരു സബ്‍സ്റ്റേഷനിൽ വൈദ്യുതി വയറുകളിൽ കുടുങ്ങിയ പെരുമ്പാമ്പുകളെയാണ് ഇയാൾ പിടികൂടുന്നത്. ഇതിൽ ഒരു പെരുമ്പാമ്പ് ഇയാളെ കടിക്കുകയും ചെയ്തു.

പാമ്പിന്റെ കടിയേറ്റു എങ്കിലും ഇയാൾ പിന്നെയും പാമ്പിനെ പിടികൂടുന്നത് വീഡിയോയിൽ കാണാം. പാനൽ ബോക്സിലും വയറുകളിലുമായി കുടുങ്ങിയിരിക്കുകയായിരുന്നു പാമ്പുകൾ. വീഡിയോയിൽ ആദ്യം ഇയാൾ പാമ്പിനെ പിടിക്കുന്ന ഒരു ടോങ് ഉപയോ​ഗിച്ച് പാമ്പിനെ തന്റെ ദിശയിലേക്ക് വലിക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, പല തവണ ശ്രമിച്ചിട്ടും പെരുമ്പാമ്പ് അങ്ങോട്ട് നീങ്ങിയില്ല. പകരം, മുറിയിലെ വയറുകൾക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതാണ് കാണുന്നത്.

എന്നാൽ, അവസാനം ഒരുവിധത്തിൽ ഇയാൾ പാമ്പിനെ പിടികൂടിയെങ്കിലും പാമ്പ് ഇയാളെ കടിക്കുന്നു. പിന്നീട്, ഇയാൾ ക്യാമറയിൽ തന്റെ കൈ കാണിക്കുമ്പോൾ അതിൽ മുറിഞ്ഞിരിക്കുന്നതും രക്തവും കാണാം. ആദ്യത്തെ പെരുമ്പാമ്പിനെ പിടികൂടി ഒരു തുണിബാ​ഗിൽ ആക്കിയ ശേഷം ഇയാൾ രണ്ടാമത്തെ പെരുമ്പാമ്പിനെ പിടികൂടുകയാണ്. മറ്റൊരാളുടെ കൂടി സഹായത്തോടെയാണ് ഇയാൾ രണ്ടാമത്തെ പെരുമ്പാമ്പിനെ പിടികൂടുന്നത്. രണ്ടാമത്തെ തവണയും ഇയാൾ തന്റെ ന​ഗ്നമായ കരങ്ങളോടെയാണ് പെരുമ്പാമ്പിനെ പിടികൂടുന്നതും തുണിബാ​ഗിൽ ഇടുന്നതും.

നിരവധി പേരാണ് ഇയാളുടെ ധൈര്യത്തെ അഭിനന്ദിച്ച് കൊണ്ട് മുന്നോട്ട് വന്നത്. അതേ സമയം തന്നെ വെറും കയ്യോടെ പാമ്പിനെ പിടിക്കുന്നത് പ്രോത്സാഹിപ്പിക്കാവുന്ന ഒന്നല്ല എന്നും പലരും ഓർമ്മിപ്പിച്ചു.

പാമ്പിനെ റെസ്ക്യൂ ചെയ്യുക എന്നത് വളരെ വളരെ നല്ല കാര്യമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ, അതിന് ചില ശാസ്ത്രീയമായ രീതികളുണ്ട്. അത് തന്നെ അവലംബിക്കണം. ഇല്ലെങ്കിൽ അത് ജീവന് തന്നെ അപകടമാണ്. പലപ്പോഴും ഇക്കാര്യം വിദ​ഗ്ദ്ധർ സൂചിപ്പിക്കാറുണ്ട് എങ്കിലും പലരും ഇപ്പോഴും പാമ്പിനെ പിടികൂടുന്നത് തികച്ചും അശാസ്ത്രീയമായ രീതിയിലാണ്.

Advertisement