വാഷിങ്ടൺ . കാനഡയ്ക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഓഫീസിൽ പോകാനാകാത്ത സാഹചര്യമാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിച്ചെന്നും വിദേശകാര്യ മന്ത്രി ജയശങ്കർ ആരോപിച്ചു.ഭീകരവാദവും അക്രമവും വിഘടന വാദവും കാനഡ പ്രോത്സാഹിപ്പിക്കുന്നുവെന്നും വാഷിങ്ടൺ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സംവാദ വേദിയിൽ ജയശങ്കർ പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ്സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരസ്യപ്രസ്താവന തുടർന്ന് ശിഥിലമായതാണ് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം.ഈ പ്രശ്നത്തിൽ ആദ്യമായാണ് കാനഡയ്ക്കെതിരെ അതിരൂക്ഷ വിമർശനം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉന്നയിക്കുന്നത്.കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഓഫീസിൽ പോകാനാകാത്ത സാഹചര്യമാണ് ഉള്ളത്.ഇന്ത്യൻ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിച്ചു.അതിനാലാണ് താൻ കാനഡക്കാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചതെന്നുമായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം.
ഭീകരവാദവും അക്രമവും വിഘടനവാദവും കാനഡ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗുരുതര ആരോപണവും ജയശങ്കർ നടത്തി.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ദേശീയ ഉപദേഷ്ടാവ് ജാക്ക് സള്ളിവനുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി ജയശങ്കർ വിഷയം ചർച്ച ചെയ്തിരുന്നു.