ബാഗ്ദാദ് : എയർ ട്രാഫിക് കൺട്രോളിലേക്കാണ് ആ ചോദ്യമെത്തിയത്. എവിടെയാണ് ഞങ്ങൾ, എന്താണ് ഇപ്പോൾ സമയം?.
അടുത്തകാലത്തു പുറത്തിറങ്ങിയ മാനിഫെസ്റ്റ് സീരിസിനെ അനുസ്മരിപ്പിക്കുന്നതുപോലെ ഇവർ ടൈംലൂപ്പിലോ മറ്റോ കുടുങ്ങിയോ എന്നു നാം കരുതും. പക്ഷേ ഇത്തരത്തിൽ സമയ, ദേശ നിർണയമില്ലാത പറന്നതു ഏകദേശം 12 വിമാനങ്ങളാണത്രെ,അതും ഒരേ വൈമാനിക പാതയിൽ.
ഒരു സ്വകാര്യ എയർക്രാഫ്റ്റ് സുരക്ഷാ ഗ്രൂപ്പിന്റെ വിവരണമനുസരിച്ചു ഈ സംഭവം ഉണ്ടായത് ഇറാന് സമീപമാണ്. സിവിലിയൻ വിമാനങ്ങളിലെ ജിപിഎസ് സിഗ്നലുകളുടെ ജാമിങ് മുൻപ് ദക്ഷിണ കൊറിയയ്ക്ക് സമീപമൊക്കെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ വിമാന സംവിധാനങ്ങളിൽ നുഴഞ്ഞുകയറുന്ന തെറ്റായ ജിപിഎസ് സിഗ്നലുകൾ കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. ഒരു അജ്ഞാത ഉറവിടത്തിൽനിന്നുള്ള ജിപിഎസ് സ്പൂഫിങ് ആണു അരങ്ങേറുന്നത് എന്നാണ് വിവരം.
തെറ്റായ അക്ഷാംശ രേഖാംശങ്ങളാണു ജിപിഎസ് നാവിഗേഷൻ സംവിധാനത്തിലേക്കു ലഭിച്ചത്. യഥാർത്ഥ സ്ഥാനങ്ങളിൽ നിന്ന് 69 മൈൽ മുതൽ 92 മൈൽ വരെ വ്യത്യാസമായിരിക്കും നിമിഷങ്ങൾക്കുള്ളിൽ മാറിമറിയുക. പെട്ടെന്നു കാലദേശങ്ങൾ മാറിയതു കണ്ടതോടെ പൈലറ്റുമാർ പരിഭ്രാന്തരാകുകയായിരുന്നു. വിമാനങ്ങളുടെയും ഓട്ടോപൈലറ്റ് സംവിധാനം ഡാറ്റ പ്രൊസസ് ചെയ്യാൻ പരാജയപ്പെട്ടു ഇടത്തേക്കും വലത്തേക്കും തിരിയാൻ ശ്രമിക്കുകയും ചെയ്തു
തുടർന്നാണ് എടിഎസിലേക്കു സഹായം അഭ്യർഥിക്കാൻ അവർ നിർബന്ധിതരായത്. ഓട്ടോപൈലറ്റ് സംവിധാനം പരാജയപ്പെടുന്നതിലെ അപകടങ്ങളും അതേപോലെ സംഘർഷ ബാധിത വ്യോമ മേഖലയിലേക്കു വിമാനങ്ങൾ തിരിയുന്നതുമൊക്കെ ചിലപ്പോൾ വലിയ പ്രത്യാഘാതങ്ങൾക്കു ഇടയാക്കുന്നതിനാൽ യുഎസ് ഫെഡറഷൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനകമ്പനികൾക്കു ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതേസമയം ദീർഘദൂര യാത്രകളിൽ ജിപിഎസ് ജാമിങ് പലപ്പോഴും പതിവാണെന്നും ഇത്തരം പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ നിരവധി ചെക്ലിസ്റ്റുകൾ ഉണ്ടെന്നും ജിപിഎസിൽ നിന്ന് നിർദ്ദേശങ്ങൾ എടുക്കാത്ത തരത്തിലുള്ള നാവിഗേഷൻ സംവിധാനങ്ങളുപയോഗിക്കാനാകുമെന്നും വിദഗ്ദർ പറയുന്നു.
എന്താണ് ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം?
കൃത്യമായ സ്ഥാനം, വേഗത, സമയ വിവരങ്ങൾ എന്നിവ നൽകുന്ന റേഡിയോ നാവിഗേഷൻ സംവിധാനമാണ് ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS).യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് (DoD) ആണ് GPSപ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും. ഏകദേശം 12,552 കിലോമീറ്റർ (7,797 മൈൽ) ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം ഉപയോഗിച്ചാണ് ജിപിഎസ് പ്രവർത്തിക്കുന്നത്.
ഓരോ ഉപഗ്രഹവും ഒരു പ്രത്യേക സിഗ്നൽ കൈമാറുന്നു, അതിൽ ഉപഗ്രഹത്തിന്റെ സ്ഥാനത്തെയും സമയത്തെയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രൗണ്ടിലുള്ള ജിപിഎസ് റിസീവറുകൾക്ക് ഈ സിഗ്നലുകൾ എത്താൻ എടുക്കുന്ന സമയം അളക്കാനും അക്ഷാംശം, രേഖാംശം, ഉയരം എന്നിവയിൽ സ്വന്തം സ്ഥാനം കണക്കാക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കാനും കഴിയും.
വിമാനങ്ങളിലെ ജിപിഎസ് സംവിധാനങ്ങൾ ഭൂമിയിലെ ജിപിഎസ് സംവിധാനങ്ങൾ പോലെ തന്നെ പ്രവർത്തിക്കുന്നു. എന്നിരുന്നാലും, വിമാന ജിപിഎസ് സംവിധാനങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. ഒന്നാമതായി, എയർക്രാഫ്റ്റ് ജിപിഎസ് സിസ്റ്റങ്ങൾക്ക് സ്ഥാനം, വേഗത, ഉയരം എന്നിവയുടെ അടിസ്ഥാനത്തിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകും.
ഈ വെല്ലുവിളികളെ നേരിടാൻ വിമാനത്തിന്റെ സ്ഥാനം കഴിയുന്നത്ര കൃത്യമായി കണക്കാക്കാൻ എയർക്രാഫ്റ്റ് ജിപിഎസ് സംവിധാനങ്ങൾ ഒന്നിലധികം ജിപിഎസ് റിസീവറുകളും അത്യാധുനിക സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നു. ഇതിലും വലിയ കൃത്യതയും വിശ്വാസ്യതയും നൽകുന്നതിനായി എയർക്രാഫ്റ്റ് ജിപിഎസ് സംവിധാനങ്ങൾ, ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റങ്ങൾ (ഐഎൻഎസ്), റേഡിയോ നാവിഗേഷൻ സിസ്റ്റങ്ങൾ എന്നിവ പോലുള്ള മറ്റ് നാവിഗേഷൻ സിസ്റ്റങ്ങളുമായി പലപ്പോഴും സംയോജിപ്പിച്ചിരിക്കുന്നു.