5 ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന് ഇന്ത്യ, 2 എണ്ണത്തെ നിരോധിച്ച് കാനഡ

Advertisement

ഒട്ടാവ: രണ്ടു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ. ബബ്ബർ ഖഴ്‍സ ഇന്റർനാഷനലിനെയും ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. അഞ്ചു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നായിരുന്നു കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം.

എന്നാൽ ഇതിൽ രണ്ടു ഗ്രൂപ്പുകളെ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ് കാനഡ. കാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലും 11 ഓളം ഖലിസ്ഥാൻ ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ജൂൺ 18നു കൊല്ലപ്പെട്ടതിനെ തുടർന്നാണു കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഇന്നലെ വിശദീകരിച്ചു. എന്നാൽ, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണു പ്രധാന പ്രശ്നമെന്നും മാധ്യമ സമ്മേളനത്തിൽ ജയ്ശങ്കർ കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ പ്രസക്തമായ വസ്തുതകൾ കാനഡ കൈമാറിയാൽ പരിശോധിച്ചു നടപടിയെടുക്കാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement