ട്രെയിനിലിരുന്ന് സ്ത്രീകൾ മേക്കപ്പ് ഇടരുതെന്ന് ചൈനീസ് റെയിൽവേ: വൻ പ്രതിഷേധം

Advertisement

ബീജിങ്: ട്രെയിനുകളിൽ സഞ്ചരിക്കുന്ന സ്ത്രീകൾ മേക്കപ്പ് ഇടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചൈനീസ് റെയിൽവേ അധികൃതർ പുറത്തിറക്കിയ വിഡിയോയ്ക്കെതിരെ വൻ പ്രതിഷേധം. ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ സ്ത്രീകൾ മേക്കപ്പ് ഇടുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണകൂടത്തിന്റെ വിലക്ക്. ഇതോടെ അധികൃതരുടേത് ലിംഗവിവേചനപരമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പല കോണുകളിൽ നിന്നും ശക്തമായ എതിർപ്പാണ് ഉയർന്നുവരുന്നത്.

ഒരു പ്രൊമോഷൻ വിഡിയോയിലൂടെയായിരുന്നു റെയിൽവേ സ്ത്രീകളോട് മേക്കപ്പ് ഇടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ക്യാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ വിഡിയോയിലൂടെ ട്രെയിൻ യാത്രികരുടെ സാമൂഹ്യവിരുദ്ധമായ പെരുമാറ്റങ്ങൾ എത്തരത്തിലാണെന്ന് എടുത്തു കാണിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. ഹൈ സ്പീഡ് ഇന്റർ സിറ്റി ട്രെയിനിൽ സഞ്ചരിക്കുന്ന സ്റ്റൈലിഷായി ഒരുങ്ങിയ ഒരു യുവതിയും സഹയാത്രികനുമാണ് വിഡിയോയിൽ ഉള്ളത്. യാത്രയ്ക്കിടെ യുവതി മുഖത്ത് ലോഷനും ഫൗണ്ടേഷനും ഇടാൻ ശ്രമിക്കുകയാണ്.

പെട്ടെന്ന് സമീപത്തിരുന്നയാൾ യുവതിയുടെ തോളിൽ തട്ടുന്നു. ട്രെയിനിന്റെ വേഗത മൂലം ഫൗണ്ടേഷൻ തെറിച്ച് അദ്ദേഹത്തിന്റെ മുഖത്താകെ നിറഞ്ഞിരിക്കുന്നതായി കാണാം. എനിക്ക് മേക്കപ്പ് ഇടാൻ താല്പര്യമില്ല എന്ന് ഈ വ്യക്തി യുവതിയോട് പറയുന്നു. തന്റെ ഭാഗത്തെ തെറ്റ് മനസ്സിലാക്കിയിട്ടെന്നപോലെ യുവതി അദ്ദേഹത്തോട് മാപ്പ് പറയുന്നതും മേക്കപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നതുമാണ് ബാക്കിയുള്ള ഭാഗം.

വിഡിയോ തികച്ചും പ്രകോപനപരമാണെന്നാണ് പൊതുജനങ്ങളുടെ വിലയിരുത്തൽ. ഒരു സ്ത്രീ മേക്കപ്പ് ധരിക്കുന്നതിനെ സംസ്കാരമില്ലാത്ത പെരുമാറ്റമായി ചിത്രീകരിക്കുന്നത് ലിംഗ വിവേചനം തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ സമീപഭാവിയിൽ തന്നെ സ്ത്രീകൾ ട്രെയിനിൽ യാത്ര ചെയ്യുന്നതിന് പോലും വിലക്കു വന്നേക്കാം എന്നും പലരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിഡിയോയുടെ സദുദ്ദേശം മനസ്സിലാക്കാതെ ജനങ്ങൾ ഈ ദൃശ്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് എന്നാണ് അധികൃതരുടെ വിശദീകരണം. വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത് പോലുള്ള സംഭവങ്ങൾ സ്ഥിരമായി പരാതിയായി തങ്ങൾക്ക് മുമ്പിൽ എത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. സമാനമായ പെരുമാറ്റങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രമാണ് വിഡിയോയിലൂടെ ഉദ്ദേശിക്കുന്നത് എന്നും നിയമപരമായ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല എന്നും വിശദീകരണത്തിൽ പറയുന്നുണ്ട്.

രണ്ടു മാസങ്ങൾക്കു മുൻപാണ് വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതെങ്കിലും ഇപ്പോൾ ചൈനയുടെ സമൂഹമാധ്യമങ്ങളിൽ ഇതാണ് ഏറ്റവും വലിയ ചർച്ചാവിഷയം. 340 മില്യൻ ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. 1.4 ബില്യൺ ജനങ്ങളുള്ള ചൈനയിൽ ബോർഡ് റൂമുകളിലും ഉന്നത സർക്കാർ സ്ഥാപനങ്ങളിലും ഇപ്പോഴും പുരുഷാധിപത്യം തുടരുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇത്തരം ഒരു പ്രതിഷേധം ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ക്യാമ്പയ്നിന്റെ ഭാഗമായി പുറത്തിറക്കിയ മറ്റു വിഡിയോകളിൽ ട്രെയിൻ യാത്രയിൽ മദ്യം കഴിക്കുന്നതും സംസാരിക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും പാടില്ല എന്ന സന്ദേശമാണ് നൽകുന്നത്.