ബെയ്‌ജിങ്ങ്: ഒട്ടേറെ വിദേശ ഉൽപന്നങ്ങൾക്ക് നിരോധനമുള്ള രാജ്യമാണ് ചൈന എന്നാണ് റിപ്പോർട്ടുകൾ. ടെക് ലോകത്തെ ഏറ്റവും പോപ്പുലറായ മൊബൈൽ ഫോൺ ബ്രാൻഡായ ആപ്പിളിൻറെ ഐഫോണുകളും ചൈന നിരോധിച്ചോ? എല്ലാ ഐഫോണുകൾക്കും ചൈന നിരോധനം ഏർപ്പെടുത്തി എന്നാണ് സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിലുള്ള കാർഡിൽ കാണുന്നത്. ഇത് ശരിയോ?
എല്ലാ ഐഫോണുകളും നിരോധിക്കാൻ ചൈന നിയമം നിർമ്മിച്ചു എന്നാണ് ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിലുള്ള കാർഡിൽ പറയുന്നത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിൻറെ ചിത്രം സഹിതമാണ് പോസ്റ്റർ. ഒരു വീഡിയോ കൂടി പോസ്റ്റിനൊപ്പമുണ്ട്. മൂവായിരത്തിലേറെ ലൈക്കുകൾ ഈ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു. അതിനാൽ ഈ പോസ്റ്ററിന് പിന്നിലെ യാഥാർഥ്യം പരിശോധിക്കാം.
എന്നാൽ ചൈനയിൽ എല്ലാ ഐഫോണുകളും നിരോധിച്ചു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാം ഐഫോണുകളും നിരോധിച്ചതായി ആധികാരികമായ മാധ്യമ വാർത്തകളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. ചൈന എല്ലാ ഐഫോണുകളും നിരോധിച്ചു എന്ന ഇൻസ്റ്റഗ്രാം പോസ്റ്റർ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് വ്യക്തം. അതേസമയം പോസ്റ്റിലെ രണ്ടാമത്തെ സ്ലൈഡായി കാണുന്ന വീഡിയോയിൽ വസ്‌തുത പറയുന്നുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ ഐഫോണുകൾ ഓഫീസിൽ കൊണ്ടുവരുന്നതും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതും ചൈനീസ് സർക്കാർ വിലക്കിയിട്ടുണ്ട് എന്നാണ് വീഡിയോയിലെ ഭാഷ്യം. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തതാണ്.
ചൈന എല്ലാ ഐഫോണുകൾക്കും നിരോധനം ഏർപ്പെടുത്തി എന്ന വാർത്ത വിശ്വസനീയമല്ല. അതേസമയം ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ ഐഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വാർത്തയാണ് ചൈനയിൽ എല്ലാ ഐഫോണുകൾക്കും വിലക്ക് എന്ന തരത്തിൽ തെറ്റായി പ്രചരിക്കുന്നത്. ഐഫോണുകൾ ഓൺലൈനായി ചൈനയിൽ ഇപ്പോഴും ലഭ്യമാണ് എന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ വ്യക്തമായി.