പാകിസ്ഥാനിലെ സ്വാത്ത് താഴ്വരയിൽ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരം തടഞ്ഞ് മതനേതാക്കൾ

Advertisement

കറാച്ചി: ലോകമെങ്ങും ലിംഗ സമത്വത്തിന് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങൾ നടക്കുകയാണ്. അതേ സമയം ഇത്തരം ആശയങ്ങളിൽ നിന്ന് പിൻവലിഞ്ഞ് നിൽക്കുന്ന സമൂഹങ്ങളും ലോകത്തുണ്ട്. പുതിയ ആശയങ്ങളെ ഉൾക്കൊള്ളാനുള്ള വിമുഖത കാണിക്കുന്നത് പ്രധാനമായും കടുത്ത മതമേലധ്യക്ഷന്മാരാണ്.

ഇത്തരത്തിൽ ലോകത്തിൽ ഇന്ന് പുരുഷാധിപത്യത്തെ ആഘോഷിക്കുകയും സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് ഒരു വിലയും കല്പിക്കാതിരിക്കുകയും രണ്ടാം പൗരന്മാരായി മാത്രം കാണുകയും ചെയ്യുന്നത് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടമാണ്. താലിബാൻറെ ആശയങ്ങൾക്ക് പാകിസ്ഥാനിലും വേരോട്ടമുണ്ട്. പ്രത്യേകിച്ചും പാകിസ്ഥാൻറെ വടക്ക് കിഴക്കൻ മേഖലയായ സ്വാത് മേഖലയിൽ. കഴിഞ്ഞ ദിവസം സ്വാത് മേഖലയിലെ ചർബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ക്രിക്കറ്റ് തടഞ്ഞതാണ് ഇതിൽ അവസാനത്തേത്.

ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടികൾ മാന്യതയില്ലാത്തവരാണെന്നും പ്രദേശത്ത് പെൺകുട്ടികളുടെ ക്രിക്കറ്റ് കളി പാടില്ലെന്നും പറഞ്ഞ് കൊണ്ട്, ഒരു സംഘം മതനേതാക്കളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ചർബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ക്രിക്കറ്റ് കളി തടസപ്പെടുത്തുകയായിരുന്നെന്ന് ഡ്രോൺ റിപ്പോർട്ട് ചെയ്തു. കൗമാരക്കാര പെൺകുട്ടികളുടെ ക്രിക്കറ്റ് കളിയാണ് തടസപ്പെടുത്തിയത്, 12 വയസ്സുള്ള ആയിഷ അയാസാണ് പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമുകളായ ബാബുസായും കബൽ തഹസിലും തമ്മിലുള്ള മത്സരം സംഘടിപ്പിച്ചതെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് മതനേതാക്കൾ മത്സര വേദിയിലെത്തി കളി തടസപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ മത്സരത്തിനായി ഗ്രൗണ്ടിലെത്തിയപ്പോൾ മതനേതാക്കൾ വന്ന് കളി വിലക്കിയതായി ഡോൺ റിപ്പോർട്ട് ചെയ്തു. ഇമാമുമാർ തുടർന്ന് പ്രാദേശിക കൗൺസിലർ ഇഹ്‌സാനുള്ള കാക്കിയുമായി ബന്ധപ്പെടുകയും ക്രിക്കറ്റ് കളി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

സ്വാത്തിലെ നിരവധി വനിതാ ക്രിക്കറ്റ് താരങ്ങൾ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആയിഷ അയാസിൻറെ പിതാവ് അയാസ് നായിക് ഡോണിനോട് പറഞ്ഞു. മിംഗോറയിലെ സ്റ്റേഡിയം നിർമ്മാണം നടക്കുന്നതിനാലാണ് താനും മകളും ചില പ്രൊഫഷണൽ വനിതാ കളിക്കാരും ചാർബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് പെൺകുട്ടികളെയും സംഘാടകരെയും തടഞ്ഞത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. തോക്കുകളുള്ള വ്യക്തികളുടെ സാന്നിധ്യം, ചാർബാഗ് തഹസിൽ സുരക്ഷാ സ്ഥിതി ആശങ്കയിലാക്കുന്നെന്ന് ചാർബാഗ് തഹസിൽ ചെയർമാൻ ഇഹ്‌സാനുള്ള കാക്കി പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം താമസിക്കുന്നവർ രാത്രിയിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ മടിക്കുന്നുണ്ടെന്നും ചാർബാഗിലെ ജനങ്ങൾ വനിതാ ക്രിക്കറ്റ് മത്സരത്തിന് എതിരല്ലെന്നും എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ശക്തമാണെന്നും ഇഹ്‌സാനുള്ള കാക്കി കൂട്ടിച്ചേർത്തു.

Advertisement