കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവം; 21ന് ‘കിൽ ഇന്ത്യ’ കാർ റാലി

Advertisement

ടൊറന്റോ: കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടരുന്നതായി റിപ്പോർട്ട്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ നീക്കം ചെയ്തിരുന്നെങ്കിലും, രണ്ടു ദിവസത്തിനു ശേഷം സറെ ഗുരുദ്വാരയിൽ അവ വീണ്ടും പ്രത്യക്ഷപ്പെട്ടു. 2023 ജൂൺ 18ന് വെടിയേറ്റു മരിച്ച ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ നിയന്ത്രണത്തിലായിരുന്നു സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാര.

അതിനിടെ, കാനഡയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് കുമാർ വർമയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഖലിസ്ഥാൻ ഭീകരരൻ ഗുർപട്‌വന്ത് സിങ് പന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കത്തെഴുതി. ഖലിസ്ഥാൻവാദികളായ ഒരു വിഭാഗം ആളുകളെ കൊലപ്പെടുത്താനായി ഇന്ത്യൻ ഏജന്റുമാർ രംഗത്തുള്ള സാഹചര്യത്തിൽ ബ്രിട്ടിഷ് കൊളംബിയയിലെ സിഖ് വിഭാഗക്കാർ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ ഇന്റലിജൻസ് ഏജൻസി നിർദ്ദേശം നൽകിയെന്ന പ്രചാരണവും വ്യാപകമാണ്.

അതേസമയം, വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിനു പുറത്ത് ഈ മാസം 21ന് ഖലിസ്ഥാൻ അനുകൂലികളായ സിഖുകാർ ‘കിൽ ഇന്ത്യ’ എന്ന പേരിൽ കാർ റാലി സംഘടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുൽ ജനറൽ മനീഷ് ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 28ന് സിഖ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഖലിസ്ഥാൻ അനുകൂല ഹിതപരിശോധനയ്ക്ക് നിജ്ജാറിന്റെ പേരിൽ പിന്തുണ ഉറപ്പാക്കാനാണ് 21–ാം തീയതി റാലി സംഘടിപ്പിക്കുന്നത്.