വിമാനത്താവള ലഗേജിൽ കൊണ്ടുവന്നത് ജിറാഫിൻറെ വിസർജ്യം, ആഭരണത്തിനായെന്ന വിചിത്രവാദവുമായി യുവതി,

Advertisement

മിനസോട്ട: വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ വസ്തു കണ്ട് അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ. കെനിയയിലെ വിനോദ സഞ്ചാര യാത്ര കഴിഞ്ഞ് തിരിച്ച് അമേരിക്കയിലെത്തിയ യുവതിയുടെ ബാഗിലാണ് ജിറാഫിന്റെ വിസർജ്യം. വ്യാഴാഴ്ചയാണ് യുവതി അമേരിക്കയിലെ മിനസോട്ട വിമാനത്താവളത്തിലെത്തിയത്. മിനസോട്ടയിലെ ലോവ സ്വദേശിയായ യുവതിയാണ് ജിറാഫിന്റെ വിസർജ്യവുമായി വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളത്തിലെ കാർഷിക വകുപ്പാണ് യുവതി കൊണ്ടുവന്ന വിചിത്ര വസ്തു ജിറാഫിന്റെ വിസർജ്യമാണെന്ന് കണ്ടെത്തിയത്. നെക്ലേസ് നിർമ്മാണത്തിനായാണ് വിസർജ്യം കൊണ്ടുവന്നതെന്നാണ് യുവതിയുടെ വാദം. നേരത്തെ കലമാനിന്റെ കാഷ്ഠവും യുവതി കൊണ്ടുവന്നിരുന്നു. ഇതും ജുവലറി നിർമ്മാണത്തിനാണെന്നായിരുന്നു യുവതി അവകാശപ്പെട്ടത്. പിടിച്ചെടുത്ത ജിറാഫിന്റെ വിസർജ്യം അഗ്രിക്കൾച്ചറൽ ഡിസ്ട്രക്ഷൻ പ്രോട്ടോക്കോൾ അനുസരിച്ച് നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തി നശിപ്പിച്ച് കളഞ്ഞു. വലിയ അപകടമാണ് ഇത്തരം വസ്തുക്കളിലൂടെ ഉണ്ടാവുന്നതെന്നാണ് വിമാനത്താവള അതോറിറ്റി വിശദമാക്കുന്നത്.

ഇത്തരം വസ്തുക്കളിൽ മാരകമായ രോഗകാരികളായ അണുക്കളുടെ സാന്നിധ്യം സാധാരണമാണ്. ഇവ ആരോഗ്യ പ്രശ്നങ്ങൾക്കും പകർച്ച വ്യാധികളിലേക്കും വഴി തെളിക്കാറുണ്ടെന്ന് അധികൃതർ പറയുന്നു. കെനിയയിൽ നിലവിൽ ആഫ്രിക്കൻ പന്നിപ്പനി അടക്കമുള്ള നിരവധി പകർച്ചവ്യാധികൾ പടരുന്നതിനിടെയാണ് യുവതി ജിറാഫിന്റെ വിസർജ്യമായി അമേരിക്കയിലെത്തുന്നത്.

സാധാരണ നിലയിൽ വെറ്റിനറി വകുപ്പിൽ നിന്ന് ലഭ്യമാകുന്ന ഇത്തരം വസ്തുക്കളുമായി രാജ്യത്ത് പ്രവേശിക്കാൻ അനുമതി ഉണ്ടെന്നിരിക്കെയാണ് വളഞ്ഞവഴിയിലൂടെ യുവതി ജിറാഫിന്റെ വിസർജ്യം അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. 25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ് യുവതി ചെയ്തിട്ടുള്ളത്.