അഞ്ചുവർഷത്തിൽ പലായനം ചെയ്തത് 43 ദശലക്ഷത്തിലധികം കുട്ടികൾ; കാലാവസ്ഥാ ദുരന്തങ്ങളുടെ ഭീകരമുഖം

Advertisement

കാലാവസ്ഥ പ്രതിസന്ധി ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുന്ന തരത്തിൽ രൂക്ഷമായി കഴിഞ്ഞു. ഇതുമൂലം ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ആഗോളതലത്തിൽ കുട്ടികളെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് എന്ന് പറയാം.

നാളെയുടെ ഭാവി സുരക്ഷിതമാക്കേണ്ട കുട്ടികളിൽ വലിയൊരു ശതമാനം ഇത്തരം സാഹചര്യങ്ങൾ മൂലം ജീവിതം തന്നെ മുന്നോട്ടുകൊണ്ടുപോകാനാവാത്ത ദുരവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിൽ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന യൂണിസെഫ് ഏറ്റവും ഒടുവിൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം 2016 മുതൽ 2021 വരെയുള്ള കാലയളവിനിടെ 43.1 ദശലക്ഷം കുട്ടികൾക്ക് പ്രകൃതിദുരന്തങ്ങൾ മൂലം പലായനം ചെയ്യേണ്ടി വന്നു എന്നാണ് കണക്ക്.

44 രാജ്യങ്ങളിലെ മാത്രം സ്ഥിതിഗതികൾ വിലയിരുത്തി തയ്യാറാക്കിയ കണക്കുകളാണിത്. ദുരന്തങ്ങളിൽ ഇരയായവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയതാണ് ഈ സാഹചര്യത്തിലേയ്ക്ക് നയിച്ചത് എന്നും സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരൾച്ച, കാട്ടുതീ എന്നിങ്ങനെ നാല് തരത്തിലുള്ള പ്രകൃതിദുരന്തങ്ങളാണ് പ്രധാനമായും വലിയ തോതിലുള്ള പലായനങ്ങളിലേക്ക് നയിച്ചത്. ഇതിൽ തന്നെ 95 ശതമാനം പലായനങ്ങളും വെള്ളപ്പൊക്കത്തെയും കൊടുങ്കാറ്റിനെയും തുടർന്നായിരുന്നു. ആഗോളതാപനം രൂക്ഷമായത് മൂലം ദുരന്തങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിനും ലോകം സാക്ഷിയായി.

ഇത്തരത്തിൽ വീടും നാടും ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി മാറ്റിപ്പാർപ്പിക്കപ്പെട്ട കുട്ടികൾ നേരിട്ട പ്രതിസന്ധികൾ അതുകൊണ്ടും തീർന്നിരുന്നില്ലയെന്ന് പഠന സംഘത്തിലെ അംഗമായ ലോറ ഹെയ്ലി പറയുന്നു. ഇവരിൽ ഏറെ പേർക്കും മാതാപിതാക്കളെ നഷ്ടമായി. ചിലർ മാതാപിതാക്കളുടെ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നപ്പോൾ മറ്റു ചിലർക്ക് അവർക്കൊപ്പം തങ്ങാൻ കഴിയാതെ എന്നെന്നേക്കുമായി പിരിയേണ്ട സാഹചര്യമാണ് ഉണ്ടായത്. വലിയൊരു ശതമാനം കുട്ടികൾ മനുഷ്യക്കടത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം.

വരൾച്ച മൂലം ഉണ്ടാകുന്ന പലായനങ്ങളുടെ കണക്കുകൾ കൃത്യമായി വിലയിരുത്താനായിട്ടില്ല. മറ്റു ദുരന്തങ്ങളെ അപേക്ഷിച്ച് പെട്ടെന്നുള്ള പലായനങ്ങളല്ല വരൾച്ച ബാധിത പ്രദേശങ്ങളിലുള്ളത് എന്നത് മൂലമാണിത്. എന്നാൽ വരുംകാലങ്ങളിലേയ്ക്കും ആശ്വസിക്കാൻ വകയില്ല എന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. നദികൾ കരകവിഞ്ഞ് പ്രളയങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരിഗണിക്കുമ്പോൾ വരുന്ന 30 കൊല്ലത്തിനുള്ളിൽ ചുരുങ്ങിയത് 96 ദശലക്ഷം കുട്ടികളെങ്കിലും അതിന്റെ ആഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് നിഗമനം. ചുഴലിക്കാറ്റുകളുടെയും കൊടുങ്കാറ്റുകളുടെയും കാര്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

ജന്മനാട്ടിലേയ്ക്കോ ഉറ്റവരുടെ അരികിലേയ്ക്കോ മടങ്ങിയെത്താനോ വിദ്യാഭ്യാസം തുടരാനോ സാധിക്കാത്ത സാഹചര്യങ്ങളിലൂടെയാണ് പലായനം ചെയ്യപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും കടന്നുപോകുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജീവൻ രക്ഷിക്കാനായെങ്കിലും ഇവരുടെ ജീവിതം ചിന്തിക്കാവുന്നതിലും അപ്പുറം കഷ്ടതകൾ നിറഞ്ഞതായി തീരുകയാണ് ചെയ്തതെന്ന് യൂണിസെഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ കാതറിൻ റസൽ പറയുന്നു. ആഗോളതലത്തിൽ നേരിടുന്ന ഈ വെല്ലുവിളിയെക്കുറിച്ച് മുൻധാരണകൾ ഉണ്ടെങ്കിലും കൃത്യമായി പരിഹാരം കണ്ടെത്താനോ തടയിടാനോ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

കുട്ടികളുടെ പലായനങ്ങൾ സംബന്ധിച്ച പ്രവചനങ്ങൾ യാഥാർത്ഥ്യമാകാതിരിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പഠനസംഘം മുന്നോട്ടുവയ്ക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലായി ദുബായിൽ നടത്തപ്പെടുന്ന കോപ് 28 കാലാവസ്ഥ ഉച്ചകോടിയിൽ ഇക്കാര്യം ഗൗരവതരമായി പരിഗണിച്ച് ലോക നേതാക്കൾ വേണ്ട നടപടികൾ സ്വീകരിക്കണം എന്നതാണ് സംഘത്തിന്റെ ആവശ്യം.