ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ കരയുദ്ധത്തിലേക്ക്; അതിർത്തിയിൽ ആയിരക്കണക്കിന് സൈനികർ

Advertisement

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ അഞ്ചാം ദിവസം കരയുദ്ധത്തിലേക്ക്. ഏത് നിമിഷവും അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിർത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രായേൽ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രായേൽ പ്രഖ്യാപനം. തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രായേൽ.

ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആയിരിക്കില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി യോഗ് ഗാലട്ട് പ്രഖ്യാപിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രതിരോധ വക്താവും അറിയിച്ചു. ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക അറിയിച്ചു. സിറിയയിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ 123 സൈനികരടക്കം 1200 പേരും ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രായേൽ വ്യോമസേനയുടെ ബോംബാക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലായാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.

Advertisement