ന്യൂഡൽഹി: ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ തുറന്ന് കേന്ദ്രസർക്കാർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസ്തീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
‘‘നിലവിലെ സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ പലസ്തീനിലെ ഇന്ത്യക്കാർക്ക് നേരിട്ട് ബന്ധപ്പെടാൻ ഓഫിസ് പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യത്തിലും 24 മണിക്കൂറും ബന്ധപ്പെടാം’’ – എംബസി അധികൃതർ അറിയിച്ചു.
ഹമാസ് ഇസ്രയേലിനെതിരെ ആരംഭിച്ച ആക്രമണത്തെത്തുടർന്ന് കടുത്ത പോരാട്ടമാണ് നടക്കുന്നത്. 3,600 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിനാളുകൾക്കു പരുക്കേറ്റു.
ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ ജനജീവിതം ദുരന്തപൂർണമായി. വെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവയ്‌ക്കെല്ലാം നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ആശുപത്രികളുടെ പ്രവർത്തനവും താറുമാറായി. വൻ കെട്ടിടങ്ങൾ പലതും നിമിഷനേരം കൊണ്ട് നിലംപൊത്തി. 2,60,000 പേർ പ്രാണരക്ഷാർഥം മറ്റിടങ്ങളിലേക്കു പോയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.