ലോകത്തെ ഏറ്റവും ചെറിയ പൂച്ചെടി! ബഹിരാകാശ യാത്രികർക്കുള്ള മികച്ച ഭക്ഷണം കണ്ടെത്തി

Advertisement

ലോകത്തിലെ ഏറ്റവും ചെറിയ, പൂ പിടിക്കുന്ന ചെടിയാണ് വാട്ടർമീൽ. വേരുകളോ തണ്ടോ ഇല്ലാത്ത ഈ ചെടികൾ തായ്‌ലൻഡിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും ജലാശയങ്ങളിൽ ഒഴുകിനടക്കുന്നവയാണ്.

ഇപ്പോൾ തായ്‌ലൻഡിലെ മാഹിദോൾ സർവകലാശാല കൗതുകമുണർത്തുന്ന പുതിയൊരു ഗവേഷണഫലവുമായി വന്നിരിക്കുകയാണ്. വാട്ടർമീൽ ചെടികൾ ബഹിരാകാശ യാത്രികർക്ക് മികച്ച ഭക്ഷണവും ഓക്‌സിജൻ സ്രോതസ്സുമായിരിക്കുമെന്നാണ് സർവകലാശാലയുടെ പഠനത്തിൽ പറയുന്നത്.

യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ, നെതർലൻഡ്‌സിലുള്ള ഇസ്‌ടെക് ടെക്‌നിക്കൽ സെന്ററിലാണു പഠനം നടന്നത്. ഇവിടെയുള്ള ലാർജ് ഡയമീറ്റർ സെൻട്രിഫ്യൂജ് (എൽഡിസി) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു ഗവേഷണം. എട്ടു മീറ്റർ വിസ്തീർണമുള്ള സെൻട്രിഫ്യൂജാണ് എൽഡിസി.

വാട്ടർമീൽ പ്രോട്ടീന്റെ നല്ലൊരു സ്രോതസ്സാണ്. ഈ കുഞ്ഞൻ ചെടി ഓക്‌സിജനും നന്നായി ഉത്പാദിപ്പിക്കും. തായ്‌ലൻഡിലെ തദ്ദേശ പാചകത്തിൽ കുറേക്കാലമായി വാട്ടർമീൽ ഉപയോഗിക്കുന്നുണ്ട്. സൂപ്പ് മുതൽ സാലഡ് വരെയുള്ള വിഭവങ്ങളിൽ ഇത് ഇടംപിടിച്ചിട്ടുണ്ട്.

ബഹിരാകാശ കൃഷി അഥവാ സ്‌പേസ് അഗ്രിക്കൾചറിൽ വലിയ റോൾ വഹിക്കാൻ വാട്ടർമീലിനു കഴിയുമെന്നാണു ഗവേഷണത്തിനു നേതൃത്വം വഹിച്ച ശാസ്ത്രജ്ഞർ പറയുന്നത്. ദീർഘ ബഹിരാകാശ ദൗത്യങ്ങളിൽ ആവശ്യമായ പോഷകഭക്ഷണവും ഓക്‌സിജനും നിർമിക്കാൻ ഇതുവഴി സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ബഹിരാകാശ പര്യവേക്ഷണം കൂടുതൽ മികവുറ്റതാക്കാനും ഗ്രഹങ്ങളും ഉപഗ്രങ്ങളുമുൾപ്പെടെ മറ്റു ബഹിരാകാശ ഇടങ്ങളിൽ താമസമുറപ്പിക്കാനുമൊക്കെ സ്‌പേസ് അഗ്രിക്കൾചർ മനുഷ്യരെ സഹായിക്കുമെന്നു കരുതപ്പെടുന്നു.

Advertisement