ഇസ്രായേൽ – ഹമാസ് യുദ്ധം: ക്രൂഡ് ഓയില്‍ വില കുതിച്ചു; ഇന്ത്യയുടെ പ്രതീക്ഷയും അസ്ഥാനത്തായി

Advertisement

ഇസ്രായേല്‍ – ഹമാസ് യുദ്ധം ആഗോള ക്രൂഡ് ഓയില്‍ വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇസ്രായേലിന്റെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്നു.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 3 ഡോളറിലധികം ഉയര്‍ന്ന് ബാരലിന് 87 ഡോളറിനടുത്തെത്തി. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.3 ശതമാനം ഉയര്‍ന്ന് 86.38 ഡോളറിലുമെത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇതോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ ഇന്ധന വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതും എണ്ണ വിലയില്‍ കുറവ് വരുത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടിയിലാണ് ഇസ്രായേല്‍ – ഹമാസ് യുദ്ധമുണ്ടാവുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത കുറച്ചുകാലം നീണ്ട് നിന്നേക്കാമെന്ന വിലയിരുത്തല്‍ ശക്തമായതിനാല്‍ എണ്ണ വില കുറച്ച്‌ കാലമെങ്കിലും ഉയര്‍ന്ന നിലയില്‍ തന്നെ തുടരാനാണ് സാധ്യത. ഇന്ധന വില കൂട്ടേണ്ടി വരുമോയെന്ന ചോദ്യവും ഇതിനോടകം തന്നെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ധനവില കൂടുമോ എന്ന ചോദ്യത്തിന് നിലവിലെ സാഹചര്യത്തെ പക്വതയോടെ കാണുമെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയത്

2022 ഏപ്രിലിലാണ് ഇന്ത്യയില്‍ ഏറ്റവും അവസാനമായി പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ റഷ്യയില്‍ നിന്ന് വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ ലഭിച്ചിട്ടുണ്ട് ആഗോള വിപണിയില്‍ വില വലിയ തോതില്‍ താഴ്ന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. വര്‍ഷത്തിന്റെ തുടക്കത്തില്‍ എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്താനായിരുന്നു ഇതെന്നാണ് വാദം.

ഇസ്രായേലും ഫലസ്തീനും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളല്ലെങ്കിലും യുദ്ധം മേഖലയെ അസ്ഥിരമാക്കാനുള്ള സാധ്യതയുണ്ട്. നേരത്തെ യുക്രെയ്നും ലോകത്തെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നുമായ റഷ്യയും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ അത് എണ്ണവില ഉയര്‍ത്തിയിരുന്നു. അത്തരം ഒരു സാഹചര്യം നിലവിലില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രായേല്‍-പലസ്തീൻ പ്രശ്നം അപകടകരമായി തുടരുന്നുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വില ഒരു പരിധിക്ക് അപ്പുറം കുത്തനെ ഉയരുമെന്ന് ഈ ഈരംഗത്തെ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല. യുദ്ധം കൂടുതല്‍ കാലം തുടരുകയാണെങ്കില്‍, ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ് കണ്ടേക്കാം, പക്ഷേ അത് ബാരലിന് 100 ഡോളറിന് അപ്പുറത്തേക്ക് പോകാനുള്ള സാധ്യത കുറവാണെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.

ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തിലേക്ക് മറ്റ് രാജ്യങ്ങള്‍ കൂടി ഇടപെടുകയാണെങ്കില്‍ അത് എണ്ണവിലയെ കാര്യമായി തന്നെ ബാധിച്ചേക്കുമെന്നും റേറ്റിങ് ഏജൻസിയായ മോര്‍ഗൻ സ്റ്റാൻലി പറയുന്നു. അതായത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് ഇറാൻ വരികയാണെങ്കില്‍ അത് എണ്ണവിലയെ ഉയര്‍ത്തിയേക്കും. യുഎസുമായുള്ള ചര്‍ച്ചകള്‍ പുനഃരാംരഭിച്ചത് ഇറാന്റെ എണ്ണ കയറ്റുമതിയില്‍ കാര്യമായ പുരോഗതിയുണ്ടാക്കി. എന്നാല്‍ ഇസ്രായേല്‍ വിഷയത്തില്‍ ഇറാന്‍ ഇടപെട്ടാല്‍ ഈ സാഹചര്യം കൂടുതല്‍ വഷളാക്കിയേക്കും.

Advertisement