ഹമാസ് ഇസ്രയേലിലെ കുട്ടികളെ കഴുത്തറുത്തു കൊന്നെന്നു ബൈഡൻ; കേട്ടറിവു മാത്രമെന്ന് വൈറ്റ്ഹൗസ്

Advertisement

വാഷിങ്ടൻ: ഹമാസിന്റെ സായുധ സംഘം ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ, ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയെന്നും അതിന്റെ ചിത്രങ്ങൾ കണ്ടുവെന്നും സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതെന്നും, അദ്ദേഹമോ യുഎസ് ഭരണകൂടത്തിലെ മറ്റാരെങ്കിലുമോ ഇത്തരം ചിത്രങ്ങൾ കണ്ടിട്ടില്ലെന്ന വിശദീകരണവുമായി തൊട്ടുപിന്നാലെ ‌സർക്കാർ പ്രതിനിധി.

ചിലപ്പോഴെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ക്രൂരതയേപ്പോലും വെല്ലുന്ന പ്രവൃത്തികളാണ് ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വിശദീകരിക്കുമ്പോഴാണ്, ഇസ്രയേലി പൗരൻമാരായ കുട്ടികളുടെ തല ഹമാസ് അംഗങ്ങൾ വെട്ടുന്ന ചിത്രം കണ്ടതായി ബൈഡൻ പ്രസംഗിച്ചത്.

ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ചാണ്, ഹമാസ് ഇസ്രയേലി പൗരൻമാരായ കുട്ടികളോടു കാട്ടിയ ക്രൂരത ബൈഡൻ വിവരിച്ചത്. ഇസ്രയേലിനും ജൂത സമൂഹത്തിനുമുള്ള പിന്തുണയുടെ ഭാഗമായി ജൂത നേതാക്കളുമായി ബൈഡൻ വൈറ്റ്ഹൗസിൽ ചർച്ച നടത്തിയിരുന്നു. ‘കൊടും ക്രൂരതയുടെ പ്രചാരണ’മാണ് ഹമാസിന്റെ ആക്രമണമെന്ന് ബൈഡൻ തുറന്നടിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്താനിരിക്കെയാണു ബൈഡന്റെ പ്രസ്താവന. ഇസ്രയേൽ സന്ദർശനത്തിനുശേഷം ജോർദാനിലേക്കു പോകുന്ന ബ്ലിങ്കൻ അവിടെവച്ച് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.

‘‘ഭീകരർ കുട്ടികളെ കഴുത്തറുത്തു കൊല്ലുന്ന ചിത്രങ്ങൾ നേരിട്ടുകണ്ട് സ്ഥിരീകരിക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’’ – ബൈഡൻ പറഞ്ഞു. അതേസമയം, ബൈഡൻ ഈ ചിത്രങ്ങൾ നേരിട്ടു കണ്ടിട്ടില്ലെന്നും ഇസ്രയേലിൽനിന്നുള്ള റിപ്പോർട്ട് ഉദ്ധരിച്ചാണ് പറഞ്ഞതെന്നും പിന്നീട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പമാണെന്ന് ആവർത്തിച്ച ബൈഡൻ, അവർ ബന്ദികളാക്കിയ യുഎസ് പൗരൻമാരെ മോചിപ്പിക്കാൻ ശ്രമം ആരംഭിച്ചതായും വെളിപ്പെടുത്തി. ജൂത റബ്ബിമാരും ജൂത സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ഇറാനെതിരെ രൂക്ഷ വിമർശനവമായും ബൈഡൻ രംഗത്തെത്തി.

‘‘യുഎസ് പടക്കപ്പൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് ഞങ്ങൾ അയച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പോർ വിമാനങ്ങൾ ഈ മേഖലയിലേക്ക് അയയ്ക്കും. കരുതലോടെയിരിക്കാൻ ഇറാനുള്ള മുന്നറിയിപ്പാണിത്. ഹമാസിനേപ്പോലുള്ള തീവ്രവാദ സംഘങ്ങളുടെ പ്രവൃത്തികൾ ചിലപ്പോഴെല്ലാം ഐഎസ് ഭീകരരുടെ ക്രൂരതകളേപ്പോലും അതിശയിക്കുന്ന വിധത്തിലാണ്’’ – ബൈഡൻ ചൂണ്ടിക്കാട്ടി.

ഐഎസ് ചെയ്യുന്നതുപോലെ ക്രൂരമായി സ്ത്രീകളെയും കുട്ടികളെയും വയോധികരെയും തലയറുത്ത് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) സിഎൻഎന്നിനു നൽകിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ ഹമാസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. വ്യാജവും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളാണിതെന്നാണ് ഹമാസ് വക്താവ് ഇസ്സാത് അഴ്‍ റിഷെഖ് ബുധനാഴ്ച അറിയിച്ചത്.

ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് പൗരൻമാരുടെ എണ്ണം 22 ആയി ഉയർന്നിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയിരിക്കുന്നവർക്കൊപ്പം യുഎസ് പൗരൻമാർ ഉണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച ബൈഡൻ, ഇസ്രയേൽ–ഹമാസ് സംഘർഷം വിലയിരുത്തി.

Advertisement