അന്ന് ഇസ്രയേൽ ആക്രമണത്തിൽ മരിച്ചത് ഭാര്യ, മകൻ, മകൾ; ഇന്ന് തിരിച്ചടിയുടെ സൂത്രധാരനായി ദായിഫ്

Advertisement

ജറുസലം; ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ദായിഫ് (58). അൽ അക്സ പള്ളിയിൽ 2021ൽ ഇസ്രയേൽ നടത്തിയ റെയ്ഡിനുള്ള മറുപടിയായാണ് ആക്രമണം ആസൂത്രണം ചെയ്തത്. റമസാൻ മാസത്തിൽ അൽ അക്സ പള്ളിയിൽ കടന്ന ഇസ്രയേൽ സൈന്യം വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ദായിഫ് തിരിച്ചടി നൽകാൻ അന്നു മുതൽ ആസൂത്രണം തുടങ്ങി.

അങ്ങേയറ്റം ഗൂഢമായാണു ദായിഫ് പ്രവർത്തിച്ചത്. ഇയാൾക്കെതിരെ ഏഴു വട്ടം വധശ്രമമുണ്ടായി. ദായിഫിന്റെ ചെറുപ്പകാലത്തെ ഒരു ചിത്രം മാത്രമാണു മാധ്യമങ്ങളുടെ പക്കലുള്ളത്. ശനിയാഴ്ച ഹമാസ് ടിവി ചാനലിലൂടെയാണു ദായിഫിന്റെ സന്ദേശം പുറത്തുവന്നത്.

ദായിഫും ഹമാസിന്റെ ഉന്നത നേതാക്കളും മാത്രമാണ് ആക്രമണപദ്ധതിയെപ്പറ്റി അറിഞ്ഞിരുന്നത്. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാൻ പോലും ഈ ആക്രമണത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. ആക്രമണവിവരം ഇറാനെ അമ്പരപ്പിച്ചെന്ന യുഎസിന്റെ സ്ഥിരീകരണവും ദായിഫിന്റെ പദ്ധതിയെപ്പറ്റി ഇറാൻ അറിഞ്ഞിരുന്നില്ലെന്നതു ശരിവയ്ക്കുന്നതാണ്.

2014ൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ദായിഫിന്റെ ഭാര്യയും ഏഴു മാസം പ്രായമുള്ള മകനും മൂന്ന് വയസ്സ് പ്രായമുള്ള മകളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ദായിഫിന്റെ പിതാവിന്റെ പേരിലുള്ള വീടും ഇസ്രയേൽ തകർത്തു, ദായിഫിന്റെ സഹോദരനും രണ്ട് ബന്ധുക്കളും കൊല്ലപ്പെട്ടു.

Advertisement